ജീവകാരുണ്യപ്രവർത്തനങ്ങൾ സഭയുടെ മുഖവും സാക്ഷ്യവും: മാർ താഴത്ത്
1495017
Tuesday, January 14, 2025 1:42 AM IST
ഗുരുവായൂർ: സെന്റ് വിൻസെന്റ്് ഡി പോൾ സൊസൈറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്രൈസ്തവസഭയുടെ മുഖവും സാക്ഷ്യവുമാണെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ഗുരുവായൂർ സെന്റ്് ആന്റണീസ് ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സുവർണജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു.
സുവർണജൂബിലി സ്മാരകമായി പാലയൂർ ഫൊറോനയുടെ ഡയാലിസിസ് മെഷീൻ ഫണ്ടിലേക്ക് അര ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഫ്രാൻസി പുലിക്കോട്ടിലും നേത്രദാന സമ്മതപത്രങ്ങൾ പാലയൂർ ഫൊറോന വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസും ആർച്ച്ബിഷപ്പിനു കൈ മാറി. സുവർണജൂബിലി സ്മരണിക എം.എഫ്. നിജോ ഏറ്റുവാങ്ങി. 50 വർഷം പിന്നിട്ട അംഗങ്ങളായ പി.ഐ. ലാസർ, എം.കെ. ആന്റണി, സി.ടി. ജോസ്, വി.പി. ആന്റണി എന്നിവരെ ആദരിച്ചു.
പാലയൂർ മാർതോമാ തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, ക്ലേലിയ സിസ്റ്റേഴ്സ് ഡലിഗേറ്റ് സുപ്പീരിയർ സിസ്റ്റർ എലിസബത്ത് കള്ളിവളപ്പിൽ, ഫൊറോന പ്രസിഡന്റ്് റീന ജെയിംസ്, ട്രസ്റ്റി ജിഷോ എസ്. പുത്തൂർ, ജനറൽ കൺവീനർ പി.ഐ. ലാസർ, സിജി സ്റ്റീഫൻ, സി.എൽ. അഖിൻസൻ, സെബു തരകൻ, ജിഷ നിക്സൺ എന്നിവർ പ്രസംഗിച്ചു.