കൊടുങ്ങല്ലൂർ താലപ്പൊലിക്കു തുടക്കം
1495027
Tuesday, January 14, 2025 1:43 AM IST
കൊടുങ്ങല്ലൂർ: മകരസംക്രമസന്ധ്യയിൽ 1001 കതിനകൾ മുഴങ്ങിയതോടെ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. മകരസംക്രമദിനമായ ഇന്നലെ സന്ധ്യക്കാണ് ഒന്നു കുറെ ആയിരം യോഗത്തിന്റെ നേതൃത്വത്തിൽ കതിനകൾ മുഴങ്ങിയത്.
ഇനി നാലുനാൾ കൊടുങ്ങല്ലൂർ കുരുംബക്കാവ് ഉത്സവത്തിമർപ്പിൽ ആറാടും. ഒന്നാം താലപ്പൊലി നാളായ ഇന്ന് കുഡുംബി സമുദായക്കാരുടെ ആടിനെ നടതള്ളലും സവാസിനിപൂജയും നടക്കും. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുമായി എത്തുന്ന മലയരയൻമാർ പ്രത്യേക പൂജകൾ നടത്തും.
ഉച്ചയ്ക്ക് ഒന്നിന് തെക്കേനടയിലെ കുരുംബാമ്മയുടെ നടയിൽനിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കും. പരയ്ക്കാട് തങ്കപ്പമാരാരുടെ നേതൃത്യ്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയേകുന്ന എഴുന്നള്ളിപ്പിൽ ആദ്യം മൂന്നാനകൾ അണിനിരക്കും. തുടർന്ന് എഴുന്നള്ളിപ്പിൽ ഒമ്പതാനകൾ ചേരുമ്പോൾ മേളകലാനിധി കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം കൊട്ടിക്കയറും.
വൈകീട്ട് 6.15ന് ദീപാരാധനയും, വെടിക്കെട്ടും ഉണ്ടാകും. തുടർന്ന് ഏഴുമുതൽ പാണിവാദനരത്നം കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 8.30ന് കൊടുങ്ങല്ലൂർ സപ്തസ്വര അവതരിപ്പിക്കുന്നഫ്യൂഷൻ, ലോകമലേശ്വരം നോർത്ത് എൻഎസ്എസ് കരയോഗം അവതരിപ്പിക്കുന്ന തിരുവാതിര, ഇരിങ്ങാലക്കുട മാണിക്യശ്രീ ഭജൻസ് അവതരിപ്പിക്കുന്ന ഭജന തുടങ്ങിയ പരിപാടികളും നടക്കും.