മുണ്ടംകോട് ഗ്രാമത്തിലെ കുട്ടികൾക്ക് സമ്മാനവുമായി ഷെയർ ആൻഡ് കെയർ
1495019
Tuesday, January 14, 2025 1:42 AM IST
എരുമപ്പെട്ടി: ചെറുപ്രായത്തിൽതന്നെ ജീവകാരുണ്യപ്രവർത്തനം നടത്തി ശ്രദ്ധേയരായ കുട്ടികൾക്കു സ്നേഹ സമ്മാനങ്ങളുമായി കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെത്തി. എരുമപ്പെട്ടി മുണ്ടംകോട് ഗ്രാമത്തിലെ കുട്ടികൾക്കാണ് അവരുടെ ആഗ്രഹമായിരുന്ന ഫുട്ബോളും ജഴ് സിയും സമ്മാനിച്ചത്.
കഴിഞ്ഞ ക്രിസ്മസ് നാളുകളിൽ കരോൾ നടത്തിയ 12 പേരടങ്ങുന്ന കുട്ടിസംഘമാണ് നന്മയുടെയും കരുണണയുടെയും മാതൃക കാഴ്ചവച്ച് ശ്രദ്ധേയരായത്. കരോൾ നടത്തി ലഭിച്ച പണം ഉപയോഗിച്ച് തനിച്ച് താമസിക്കുന്ന നിരാലംബയായ വയോധികയ്ക്ക് ക്രിസ്മസ് ദിനത്തിൽ കേക്കും പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റും നൽകിയാണ് ഇവർ സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം സമൂഹത്തിനു പകർന്നത്.
ഫുട്ബോളും ജഴ്സിയും വാങ്ങുവാനാണ് ഇവർ കരോൾ നടത്തിയത്. ഇതിനിടയിലാണ് നെല്ലുവായ് തെക്കുമുറി ലക്ഷ്മിയമ്മയുടെ വീട്ടിലെത്തിയത്. ഇവിടെ കരോൾ നടത്തണ്ടാന്നും നിങ്ങൾക്ക് തരാൻ എന്റെ കൈ യിൽ പണമില്ലെന്നും ലക്ഷ്മിയമ്മ കുട്ടികളെ അറിയിച്ചു. ഇവരുടെ സാഹചര്യം തിരിച്ചറിഞ്ഞ കുട്ടികൾ അന്നേ ദിവസം തങ്ങൾക്ക് ലഭിച്ച പണം ലക്ഷ്മി അമ്മയ്ക്ക് നൽകി. ക്രിസ്മസ് ദിനത്തിൽ കേക്കും ഭക്ഷ്യവസ്തുക്കളുമായെത്തി കേക്കുമുറിച്ച് ലക്ഷ്മി അമ്മയോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.
കുട്ടികൾ കാഴ്ചവച്ച മാതൃകാപരമായ പ്രവർത്തന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടി. വാർത്ത കണ്ടതിനെ തുടർന്നാണ് ഷെയർ ആൻഡ് കെയർ പ്രവർത്തകർ കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എത്തിയത്. വാർഡ് മെമ്പർ എൻ.പി. അജയന്റെയും മാധ്യമ, സാമൂഹ്യ പ്രവർത്തകൻ റഷീദ് എരുമപ്പെട്ടിയുടേയും സാന്നിധ്യത്തിൽ ഷെയർ ആൻഡ് കെയർ പ്രസിഡന്റും കുന്നംകുളം നഗരസഭ കൗൺസിലറുമായ ലബീബ് ഹസൻ കുട്ടികൾക്ക് ഫുട് ബോളുകളും ജഴ്സികളും സമ്മാനിച്ചു. ഡോ. എ.പി.ജെ അബ്ദുൾ കലാം ഉൾപ്പടെയുള്ള പ്രഗത്ഭരുടെ പുസ്തകങ്ങളും കുട്ടികൾക്ക് നൽകി.
സംഘടനാംഗങ്ങളായ ഷെമീർ ഇഞ്ചിക്കാലയിൽ, ജിനാഷ് തെക്കേകര, എ.എ. ഹസൻ, പി.എം. ബെന്നി, ഇഎംകെ ജിഷാർ, ജിനീഷ്നായർ എന്നിവരും സന്നിഹിതരായിരുന്നു. കാർത്തിക്, ഹവീൺ, ശങ്കർദേവ്, അമൽകൃഷ്ണ, അഗ്നിദേവ്, അശ്വജിത്ത്, നിരഞ്ജൻ, നീരജ്, അനൈക്, പ്രണഗ്, ഗൗതം, ദേവാനന്ദൻ എന്നിവരടങ്ങുന്ന കുട്ടിസംഘമാണ് മാതൃകാപ്രവർത്തനം നടത്തിയത്.