ഡാവിഞ്ചി അദ്ഭുതങ്ങൾ തുടരും; ഇരുപത്തഞ്ചാംവർഷവും
1495028
Tuesday, January 14, 2025 1:43 AM IST
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതീക്ഷേത്രം താലപ്പൊലിമഹോത്സവത്തിനു വരുന്നവരിൽ പലരും ആകാംക്ഷയോടെ തേടിയെത്തുന്ന ഒരു സ്ഥലമാണ് ഡാവിഞ്ചി കോർണർ. തെക്കേനടയിലുള്ള സ്റ്റേജിനോടുചേർന്ന്, താലപ്പൊലി ഉത്സവാഘോഷ കമ്മിറ്റിയും ദേവസ്വം ബോർഡും പ്രത്യേകം അനുവദിച്ച സ്ഥലത്താണ് കൊടുങ്ങല്ലൂർ സ്വദേശികൂടിയായ കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സൃഷ്ടി പ്രദർശിപ്പിക്കുന്നത്. ഓരോ വർഷവും വ്യത്യസ്തമായ ആശയങ്ങളുമായി ചലിക്കുന്ന ശില്പപ്രദർശനം തുടങ്ങിയിട്ട് 25 വർഷം തികയുകയാണ്.
2001 ലെ താലപ്പൊലിക്കാണ് ജയൻ ഹെലികോപ്ടറിൽ തൂങ്ങിക്കിടക്കുന്ന ആദ്യശില്പം പ്രദർശിപ്പിക്കുന്നത്. തുടർന്ന് ആനയും ഡിനോസറും കിംഗ് കോംഗും ഗോഡ് സില്ലയും തുടങ്ങി ഭീമാകാരമായ ശില്പങ്ങളും നിർമിച്ചു. വലിയ പ്രോത്സാഹനമാണ് ഓരോ വർഷവും സുരേഷിനു കിട്ടിക്കൊണ്ടിരുന്നത്. കൊറോണ സമയത്തുമാത്രമാണ് പ്രദർശനം ഇല്ലാതിരുന്നത്. പത്തുമുതൽ മുപ്പത്തഞ്ചുവരെ അടി ഉയരമുള്ള ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്.
മോട്ടോറിന്റെ സഹായത്താലാണ് വലിയ ശില്പങ്ങളുടെ ഭാഗങ്ങൾ ചലിപ്പിക്കുന്നത്. ഇരുപത്തഞ്ചാംവർഷത്തെ ശില്പമായി ഒരുക്കിയിട്ടുള്ളത് ഇരുപത്തഞ്ചടി നീളമുള്ള വിന്റേജ് കാറും അതിൽ അഞ്ചു നായകളെയുമാണ്. പലവർഷങ്ങളിലും പല സ് പോണ്സർമാർ വന്നു. സുരേഷിനു സഹായികളായി പലരും വന്നുപോയി. നിലവിൽ പത്തോളംപേർക്ക് ഇതൊരു ജീവിതമാർഗമാണ്. സന്ദീപ്, ബിജു, സന്ദീപ്, ഗോകുൽ, സിവിൻ, അഭിജിത്ത്, കാർത്തിക്, ഗൗരിനന്ദൻ തുടങ്ങിയവരാണ് സഹായികളായി ഇപ്പോൾ കൂടെയുള്ളത്.