മനയ്ക്കലപ്പടിയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാനയില്‍ താഴ്ന്നു
1495030
Tuesday, January 14, 2025 1:43 AM IST
ഇരിങ്ങാലക്കുട: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീന്‍ ഹോസ്പിറ്റല്‍ പരിസരത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് റോഡില്‍ നിന്ന് തെന്നി കാനയില്‍ താഴ്ന്ന് അപകടം. ചീനിക്കാസ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് അമിത വേഗത്തിലായിരുന്നുവെന്നും ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കെഎസ്ടിപിയുടെ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ വടക്കുഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞാണ് പോകേണ്ടത്. പണി നടക്കുന്ന റോഡില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് റോഡിന്റെ കിഴക്കുവശത്തു കൂടി ഒറ്റവരി ഗതാഗതമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ നിലവില്‍ വഴി തിരിച്ച് വിടുന്നതിനായി ബ്ലോക്ക് ജംഗ്ഷനില്‍ ദിശാ ബോര്‍ഡുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങളും തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങളും ഈ വഴിയിലൂടെ തന്നെയാണ് പോകുന്നത്. നിലവില്‍ റോഡിന്റെ പടിഞ്ഞാറു ഭാഗം ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടില്ല.
ഈ ഭാഗത്ത് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് റോഡില്‍ നിറയെ നനഞ്ഞ ചാക്കുകള്‍ വിരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്നലെ അമിതവേഗത്തില്‍ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഈ ചാക്കുകള്‍ ടയറിനിടയിലേക്ക് കയറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്ന് തെന്നി കാനയില്‍ താഴ്ന്ന് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പലയിടത്തും റോഡ് നിര്‍മാണം നടക്കുമ്പോഴും കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
അമിതവേഗതയെ നിയന്ത്രിക്കാന്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കുമ്പോഴും അതിനൊന്നും യാതൊരു വിലയും കല്‍പ്പിക്കാതെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചില്‍ തുടരുകയാണ്. ഇതിനിടയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ എത്രയും വേഗം കൃത്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.