കുട്ടനെല്ലൂർ സഹകരണ ബാങ്ക്; തെരഞ്ഞെടുപ്പ് കഴിഞ്ഞു; അന്വേഷണവും നിലച്ചു
1454799
Saturday, September 21, 2024 2:04 AM IST
സി.എസ്. ദീപു
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണ ഏജൻസികളുടെ നടപടി ഇഴയുന്നു. ഇഡിയും അതിനുമുന്പ് ക്രൈംബ്രാഞ്ചും തുടങ്ങിവച്ച അന്വേഷണമാണ് ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ നിലച്ചത്. ബാങ്ക് ജീവനക്കാരുടെ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ച് ഏതാനുംപേരുടെ മൊഴിയെടുത്തതൊഴിച്ചാൽ മറ്റു നടപടികളില്ല.
തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ സ്പെഷൽ സെയിൽസ് ഓഫീസർ സഹകരണ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ 32.92 കോടിയുടെ വായ്പാക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ കുരിയച്ചിറ എസ്സിബി ഗ്രൂപ്പ് സ്പെഷൽ സെയിൽസ് ഓഫീസർ നടത്തിയ അന്വേഷണത്തിലും സിആർപി 6047/2020 നന്പർ ഉത്തരവിലും ക്രമക്കേട് കണ്ടെത്തി. ബാങ്കിനുണ്ടായ കോടികളുടെ നഷ്ടം ഡയറക്ടർമാരിൽനിന്നടക്കം പണം ഈടാക്കണമെന്നു റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. രണ്ടു ഭരണസമിതികളിൽനിന്നായി 15 പേരിൽനിന്നും രണ്ടു സെക്രട്ടറിമാരിൽനിന്നും രണ്ടുകോടിയോളം രൂപവീതം തിരിച്ചുപിടിക്കണമെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിലും സഹകരണ വകുപ്പ് നടപടിയെടുത്തിട്ടില്ല.
ബാങ്ക് ജീവനക്കാരനായ എസ്.കെ. ഗോപാലകൃഷ്ണന്റെ പരാതിയിൽ കോടതി ഉത്തരവിനെത്തുടർന്ന് ഒല്ലൂർ പോലീസ് കേസെടുത്തെങ്കിലും പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയും രംഗത്തെത്തിയത്.
തൃശൂർ ജില്ലയിൽ കരുവന്നൂരിനു പുറമേ ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്ന രണ്ടാമത്തെ ബാങ്കാണ് കുട്ടനെല്ലൂർ സഹകരണ ബാങ്ക്. ബാങ്കിന്റെ നിയമാവലിക്കു വിരുദ്ധമായി ബാങ്ക് പരിധിക്കു പുറത്തുള്ളവർക്ക് അംഗത്വം നൽകിയും പരിധിക്കു പുറത്തുള്ളവരുടെ വസ്തുവിന്റെ ഈടിൻമേൽ വായ്പനൽകിയും ഈടു നൽകിയ വസ്തുവിന് അമിതവില രേഖപ്പെടുത്തിയും വായ്പക്കാരുടെ വ്യാജരേഖ ചമച്ചും കളവായി വായ്പനൽകിയും ബാങ്കിനു 27.32 കോടി നഷ്ടമുണ്ടാക്കിയെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. റിക്സണ് പ്രിൻസ്, കെ.ആർ. രാമദാസ്, അന്പിളി സതീശൻ, ജിന്റോ ആന്റണി, ഷീജ ഡെയ്സണ്, ജോണ് വാഴപ്പിള്ളി, കെ.ആർ. സെബി, സി.ആർ. ജയിംസ്, ആശ മനോഹരൻ, ശോഭന ഗോപി എന്നിവരെയാണു പ്രതിചേർത്തത്.
ക്രമക്കേടുകൾക്കെതിരേ ഒല്ലൂർ ഏരിയാ കമ്മിറ്റിക്കാണ് ആദ്യം പരാതി നൽകിയത്. ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. ഇപ്പോഴത്തെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, ഇരിങ്ങാലക്കുടയിൽനിന്നുള്ള പി.കെ. ചന്ദ്രശേഖരൻ എന്നിവരാണ് ജില്ലാ കമ്മിറ്റിക്കുവേണ്ടി അന്വേഷണം നടത്തിയത്. ഇതിൽ നടപടിയെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാർച്ചിൽ നിർദേശം നൽകിയിരുന്നു. ഒല്ലൂർ ഏരിയ സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ ബാങ്കിന്റെ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കു നേരെ നടപടിക്കാണ് അന്വേഷണകമ്മീഷൻ ശിപാർശ ചെയ്തിരുന്നത്.
നടപടിയുണ്ടാകാതെ വന്നതോടെ 11 ജീവനക്കാർ ഇടതുയൂണിയൻ വിട്ടു. ഇതിൽ ചിലർ തിരിച്ചെത്തി. രണ്ടുപേർ ബിജെപിയിലും ചേർന്നു. ഭരണസമിതിയെ പുറത്താക്കിയെങ്കിലും കോടതി ഉത്തരവിലൂടെ തിരിച്ചെത്തി. ഇതിനുശേഷം ബാങ്കിലെയും സൂപ്പർമാർക്കറ്റ് അടക്കമുള്ള അനുബന്ധസ്ഥലങ്ങളിലെയും ശന്പളവും മുടങ്ങിയിരുന്നു.