സെന്റ് ജോസഫ്സ് കോളജിന് ഗോവ രാജ്ഭവന്റെ ആതിഥ്യം
1454796
Saturday, September 21, 2024 2:04 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന് ഗോവ രാജ്ഭവനില്‍ നടന്ന പ്രത്യേക പരിപാടിയിലേക്കു ക്ഷണം ലഭിച്ചു.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള സംഘടിപ്പിച്ച പ്രാചീന വൃക്ഷ ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടൊരുക്കിയ പരിപാടിയിലേക്കാണ് ആതിഥ്യം ലഭിച്ചത്. ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള രചിച്ച വാമന വൃക്ഷകല എന്ന പുസ്തകത്തെ അധികരിച്ച് ഗവേഷണം നടത്തുന്ന ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറും കോളജ് ഐക്യുഎസി കോ-ഓര്‍ഡിനേറ്ററുമായ ഡോ. ടി.വി. ബിനു, ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവനെ കുറിച്ച് ഗവേഷണം നടത്തുന്ന മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ലിറ്റി ചാക്കോ, കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സിസ്റ്റര്‍ ഡോ. ഹെല്‍ന, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി എന്നിവരാണു പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില്‍ പങ്കെടുത്തത്.ഡോ. ടി.വി. ബിനുവിന്റെ പ്രബന്ധ രൂപരേഖ ചടങ്ങില്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍, ആര്യവൈദ്യശാല കോയമ്പത്തൂര്‍ മാനേജിംഗ് ഡയറക്ടര്‍ ദേവിദാസ് വാര്യര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
കോളജ് ലൈബ്രറിയിലേക്കു ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം സമ്മാനമായി നല്കി. ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ (ഐകെഎസ്) ഭാഗമായി സെന്റ് ജോസഫ്സ് കോളജ് നടത്തുന്ന ഗവേഷണങ്ങളെ ചടങ്ങില്‍ ഏറെ പ്രാധാന്യത്തോടെ എടുത്തു പറഞ്ഞ അദ്ദേഹം കോളജിന് അകമഴിഞ്ഞ പിന്തുണയും ഉറപ്പു നല്കി. ഡോ. ടി.വി. ബിനുവിന് ഗവര്‍ണര്‍ ഗവേഷണ പാരിതോഷികമായി പ്രഖ്യാപിച്ച ഒരുലക്ഷം രൂപ സമ്മാനമായി നല്കി.