സംരക്ഷണഭിത്തി തകര്‍ന്നും കാടുകയറിയും മുടിച്ചിറ
1454794
Saturday, September 21, 2024 2:04 AM IST
പുല്ലൂര്‍: അരികിടിഞ്ഞ് സംരക്ഷണഭിത്തിയടക്കം തള്ളിപ്പോയി കാടുകയറിയ മുടിച്ചിറയുടെ നവീകരണം രണ്ടു വര്‍ഷമായിട്ടും ആരംഭിക്കാനായില്ല.
മുരിയാട് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു പരിഹാരമായാണു രണ്ടുവര്‍ഷം മുന്‍പ് മുടിച്ചിറ നവീകരണം ആരംഭിച്ചത്. ചണ്ടിയും കാടും മാറ്റുന്നതിനും ആഴംകൂട്ടി ജലം സംഭരിക്കുന്നതിനുമാണു പദ്ധതി വിഭാവന ചെയ്തത്. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്നുള്ള 35 ലക്ഷവും ജലസേചനവകുപ്പിന്റെ നഗരസഞ്ചയികാപദ്ധതി പ്രകാരമുള്ള 39 ലക്ഷവും ഉപയോഗിച്ചായിരുന്നു നവീകരണം. ഇതിനിടയില്‍ 2022 മേയിലുണ്ടായ കനത്തമഴയില്‍ ചിറയുടെ പ്രധാനഭാഗത്തെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയടക്കം മണ്ണിടിഞ്ഞ് തകര്‍ന്നുവീണു. സംഭവത്തെത്തുടര്‍ന്ന് മന്ത്രി ആര്. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവരും ജില്ലാ കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും പരിശോധന നടത്തി. ചിറയുടെ നവീകരണം ഉടന്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് നടപടികളുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. മുളകള്‍ ഉപയോഗിച്ച് താത്കാലികമായി കെട്ടിയെങ്കിലും ശാശ്വതപരിഹാരമുണ്ടായിട്ടില്ല.
കോണ്‍ക്രീറ്റ് മതിലും തൂണുകളുമെല്ലാം കാടുകയറി തിരിച്ചറിയാന്‍ കഴിയാതെ മൂടിപ്പോയ നിലയിലാണിപ്പോള്‍.
പുല്ലും കാടും നീക്കി ചിറയുടെ നവീകരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മുടിച്ചിറയില് വെള്ളം സംഭരിക്കാനാകുകയുള്ളൂ. നഗര സഞ്ജയ്ക പദ്ധതിപ്രകാരം കരിങ്കല്ല് ഉപയോഗിച്ച് മുടിച്ചിറയുടെ സംരക്ഷണഭിത്തി കെട്ടുന്നതു മാത്രമാണ് പഞ്ചായത്ത് നടപ്പാക്കിയതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ മുടിച്ചിറ തകര്‍ന്നുവീണ് രണ്ടുവര്‍ഷമായിട്ടും പുനര്നിര്മിക്കാനന് അധികാരികളുടെ ഭാഗത്തുനിന്നു നടപടി ഉണ്ടാകാത്തതു പ്രതിഷേധാര്‍ഹമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.