വാട്ടർ അഥോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു
1454262
Thursday, September 19, 2024 1:42 AM IST
കയ്പമംഗലം: വാട്ടർ അഥോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. ഒഴുക്ക് തടസമുള്ള കാനയിൽ കെട്ടിക്കിടക്കുന്ന വെള്ളം ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് ആശങ്ക.
ഒരു വർഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. മതിലകം പള്ളിവളവിൽ പ്രദേശത്തെ പൂക്കടയ്ക്കു മുന്നിലാണ് വാട്ടർ അഥോറിറ്റി പൈപ്പുപൊട്ടി കുടിവെള്ളം കാനയിലേക്ക് ഒഴുകിപ്പോകുന്നത്. നിരവധി മാസങ്ങളായി ഈ കാനയിൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് കിടക്കുകയാണ്.
പൈപ്പിലൂടെ ജലവിതരണം ഉണ്ടായാൽ പള്ളിവളവ് വടക്കേ ബസ് സ്റ്റോപ്പ് പരിസരത്ത് വെള്ളംനിറയുന്ന സ്ഥിതിയാണ്. കാനയിൽനിന്നു വെള്ളം തിരിച്ചുകയറുമ്പോൾ ദുർഗന്ധംമൂലം നാട്ടുകാർക്കും സമീപപ്രദേശത്തെ വീട്ടുകാർക്കും മൂക്കുപൊത്തേണ്ട ഗതികേടാണുള്ളത്.
മുൻപ് പലതവണ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ പരാതി നൽകിയെങ്കിലും നാളിതുവരെയും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.