കുന്നംകുളം - തൃശൂർ റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്കി
1454251
Thursday, September 19, 2024 1:42 AM IST
കുന്നംകുളം: തൃശൂര്‍ - കുന്നംകുളം റൂട്ടില്‍ ബസ് ജീവനക്കാർ മിന്നൽ സമരം നടത്തി. പിന്നീട് സമരം ഒത്തുതീർന്നു.
ഇന്നലെ രാവിലെ 11 ഒാടെയാണ് ബസ് തൊഴിലാളികൾ മിന്നൽ സമരം പ്രഖ്യാപിച്ചത്.
കേച്ചേരി മഴുവഞ്ചേരിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്, അപകടകരമായി ഓവര്‍ടേക്കിന് ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തേണ്ട സാഹചര്യം എത്തിയത്. റോഡിൽ റോംഗ് സൈഡ് കയറിവന്ന സ്വകാര്യ ബസ് കാറിനു മുന്നിൽപെടുകയായിരുന്നു. തലനാരിഴയ്ക്കാണ് കൂട്ടിയിടി ഒഴിവായത്. ഇന്നലെ പുലിക്കളി ദിവസം കൂടി ആയതിനാൽ റൂട്ടിൽ നല്ല തിരക്കുമായിരുന്നു. ഇതോടെ പ്രശ്നത്തിൽ പോലീസ് അടിയന്തരമായി ഇടപെട്ടു.
കുന്നംകുളം എസ്എച്ച് യു. കെ. ഷാജഹാന്റെ സാന്നിധ്യത്തിൽ ബസ് തൊഴിലാളികളും ഉടമകളും മറ്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് ധാരണയായത്. പിന്നീട് ബസ് സാധാരണ നിലയിൽ ഓടിത്തുടങ്ങി.
തകർന്നു തരിപ്പണമായി കിടക്കുന്ന തൃശൂർ റൂട്ടിൽ സൈഡ് ഒന്നും നോക്കാതെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് കൂടി കയറിപ്പോകുന്ന ബസുകളുടെ ഓട്ടം നിർബാധം ഇപ്പോഴും തുടരുകയാണ്. ഇത് മറ്റു വാഹനക്കാരുമായുള്ള വഴക്കുകൾക്കും ദിവസേന കാരണമാകുന്നുണ്ട്. ഇതുതന്നെയാണ് ഇന്നു രാവിലെയും സംഭവിച്ചത്. മഴ മാറിയാൽ അടിയന്തരനടപടിയായി റോഡ് ശരിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടും ഇതുവരെ ഒന്നും നടന്നിട്ടില്ല.
ചൂണ്ടൽ പാടത്ത് കുറച്ചുഭാഗത്തെ കുഴികൾ അടച്ചു എന്നല്ലാതെ തൃശൂർ - കുന്നംകുളം റൂട്ടിൽ ഒരു പണിയും ആരംഭിച്ചിട്ടില്ല.
തൃശൂർ റോഡിൽ വാഹനങ്ങൾ കൊണ്ടുപോകുന്നവർ ദുരിതവും ഇപ്പോഴും പേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കയ്യിൽ ചെറിയൊരു സമയം മാത്രം പിടിച്ചു കൊണ്ട് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകളുമായുള്ള മറ്റു വാഹനക്കാരുടെ വഴക്കുകളും.
തോന്നിയ ഭാഗത്തുകൂടി സ്വകാര്യ ബസുകൾ എടുത്തു പോകുന്നത് ഇരുചക്രവാഹനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഭീതിയാണ് ഈ വഴിയിൽ സൃഷ്ടിക്കുന്നത്.