നേന്ത്രക്കായ വിലകുറഞ്ഞു, വാഴക്കര്‍ഷകര്‍ നിരാശയില്‍
1450678
Thursday, September 5, 2024 1:56 AM IST
കോടാലി: ഒരു മാസംമുമ്പ് കിലോഗ്രാമിന് 55 രൂപയുണ്ടായിരുന്ന നേന്ത്രക്കായ വില ഗണ്യമായി കുറഞ്ഞതോടെ വാഴക്കര്‍ഷകരുടെ ഓണപ്രതീക്ഷകള്‍ മങ്ങുന്നു. വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിനുകീഴിലെ മറ്റത്തൂര്‍ സ്വാശ്രയച്ചന്തയില് കഴിഞ്ഞദിവസം കിലോഗ്രാമിന് 38 രൂപ നിരക്കിലാണ് നേന്ത്രക്കായ വിറ്റുപോയത്. ഓണവിപണി സജീവമാകുന്നതോടെ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന കര്‍ഷകരെ വിലയിടിവു നിരാശയിലാക്കി.
തമിഴ്നാട്ടില്‍നിന്ന് കുറഞ്ഞ വിലയ്ക്കു വന്‍തോതില്‍ നേന്ത്രക്കുലകള്‍ വിപണിയിലെത്തിയതാണു നാടന്‍ നേന്ത്രക്കായയുടെ വില ഇടിയാന്‍ കാരണമായത്. ഓണക്കാലത്ത് മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക വിപണിയില്‍നിന്ന് നേന്ത്രക്കായ ഉള്‍പ്പടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വാങ്ങാറുണ്ടെങ്കിലും ഇത്തവണ ഇതിനുള്ള നടപടികളുണ്ടാകാത്തതും കര്‍ഷകര്‍ക്കു തിരിച്ചടിയായിട്ടുണ്ട്. മേയ് അവസാനവാരം മുതലാണു മറ്റത്തൂരില്‍ നേന്ത്രക്കായ വിളവെടുപ്പ് ആരംഭിച്ചത്. ജൂലൈ ആയതോടെ വിളവെടുക്കുന്ന വാഴക്കുലകളുടെ എണ്ണം വര്‍ധിച്ചു. ശരാശരി മൂവായിരത്തോളം നേന്ത്രക്കുലകള്‍ ആഴ്ചതോറും മറ്റത്തൂര്‍ സ്വശ്രയച്ചന്തയിലൂടെ വിറ്റഴിഞ്ഞിരുന്നു. ഈ വര്‍ഷം മേയ് മാസത്തില്‍ വിളവെടുത്തു തുടങ്ങിയപ്പോല്‍ കിലോഗ്രാമിന് 57 രൂപവരെ നേന്ത്രക്കായക്കു ലഭിച്ചിരുന്നു. പിന്നീട് വില താഴ്ന്നെങ്കിലും 40 രൂപയ്ക്കു മുകളില്‍ കര്‍ഷര്‍ക്കു ലഭിച്ചിരുന്നു.
നേന്ത്രക്കായക്കുപുറമെ പാളയന്കോടന്, പൂവന്, കണ്ണന്, ഞാലിപ്പൂവന്, കദളി തുടങ്ങിയ ചെറുകായകളും വിവിധയിനം പച്ചക്കറികളും മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷകച്ചന്തയില്‍ വില്‍പ്പനയ്ക്കെത്തുന്നുണ്ട്. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ 40 രൂപയില്‍ കുറയാതെ നേന്ത്രക്കായക്കു വില ലഭിച്ചാലേ കര്‍ഷകര്‍ക്കു നഷ്ടംവരാതെ പിടിച്ചുനില്‍ക്കാനാവൂ. വേനലില്‍ അനുഭവപ്പെട്ട അഭൂതപൂര്‍വമായ ചൂടുമൂലം നേന്ത്രക്കായ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതും വാഴക്കുലകളുടെ തൂക്കം കുറവും അലട്ടുന്നതിനിടെയാണ് ഇപ്പോള്‍ കര്‍ഷകരെ നിരാശപ്പെടുത്തികൊണ്ട് വിലയിടിവ് ഉണ്ടായിട്ടുള്ളത്. ഓണവിപണിയിലേക്കാവശ്യമായ ഉപ്പേരി വറുത്തെടുക്കാന്‍ നേരത്തെ നാടന്‍ നേന്ത്രക്കുലകള്‍ തേടിയെത്തിയിരുന്നവര്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍നിന്ന് കുറഞ്ഞവിലയ്ക്ക് എത്തുന്ന നേന്ത്രക്കുലകള്‍ വാങ്ങുന്നതും മലയോരത്തെ വാഴകര്‍ഷകര്‍ക്കു പ്രഹരമായി.