ഡ്രൈവിംഗ് ടെസ്റ്റിൽ വിജയികളായി കാടിന്റെ മക്കൾ
1444962
Thursday, August 15, 2024 1:17 AM IST
ചാലക്കുടി: മോട്ടോർ വാഹനവകുപ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും വാഴച്ചാൽ വനംവകുപ്പ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നവസരണി പദ്ധതിയിലെ രണ്ടാംഘട്ട ഡ്രൈവിംഗ് ടെസ്റ്റ് കണ്ണൻകുഴിയിൽ നടന്നു.
വിവിധ ആദിവാസി ഗ്രാമങ്ങളിൽനിന്നായി 53പേർ പങ്കെടുത്ത ഡ്രൈവിംഗ് ടെസ്റ്റിൽ 35 പേർ പാസായി ലൈസൻസ് സ്വന്തമാക്കി. ലൈസൻസ് കരസ്ഥമാക്കിയ എല്ലാവർക്കും പട്ടികവർഗ വികസനവകുപ്പ് പ്രത്യേകബത്ത അനുവദിക്കും. ഒപ്പം ആദ്യവിജയി വാഴച്ചാലിൽനിന്നുള്ള എം.എസ്. രേഷ്മയ്ക്ക് എസ്സിഎംഎസ് വിദ്യാഭ്യാസ സ്ഥാപന ഡയറക്ടർ ഒരു ടാക്സികാറും സമ്മാനമായി പ്രഖ്യാപിച്ചു.
ഗോത്രനിവാസികളെ ഓൺലൈൻ ലേണേഴ്സ് പരീക്ഷയ്ക്ക് സജ്ജമാക്കിയത് കറുകുറ്റി എസ്സിഎംഎസ് കോളജിൽ നിന്നുള്ള എൻഎസ്എസ് വിദ്യാർഥികളാണ്. ഡ്രൈവിംഗ് ടെസ്റ്റിൽ വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി, പദ്ധതി കോ - ഓര്‍ഡിനേറ്റർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാൻജോ വർഗീസ്, വനംവകുപ്പ് ഡിവിഷൻ കോ - ഓര്‍ഡിനേറ്റർ കെ.ആർ. രാജീവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.പി. ജയരാജൻ, കറുകുറ്റി എസ്സിഎംഎസ് കോളജ് ലക്ചറർ സുജയ്, എസ്എഫ്ഒ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.