മൂന്ന് എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു
1444934
Thursday, August 15, 2024 1:17 AM IST
സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: ജില്ലയിലെ മൂന്ന് എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു. മണലിത്തറ ജനകീയവിദ്യാലയം എൽപി സ്കൂൾ, എയുപിഎസ് പള്ളിക്കൽ, കെഎഎം യുപിഎസ് കൂരിക്കുഴി എന്നീ സ്കൂളുകളാണ് സർക്കാർ ഏറ്റെടുത്തത്. സ്കൂളുകളുടെ ചുമതല വിദ്യാഭ്യാസവകുപ്പ് ചാവക്കാട് ഡിഇഒയെ ഏല്പിച്ചു.
സ്കൂൾ മാനേജരായിരുന്ന വി.സി. പ്രവീൺ നടത്തിയ അധ്യാപകനിയമന അഴിമതിയാണ് പ്രശ്നങ്ങൾക്കു തുടക്കംകുറിച്ചത്. മൂന്നു സ്കൂളുകളിലായി 114 അധ്യാപകരിൽനിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായാണ് പരാതി. അഴിമതികളുമായി ബന്ധപ്പെട്ട് അധ്യാപകർ നൽകിയ പരാതിയെതുടർന്ന് അറസ്റ്റിലായ പ്രവീൺ കഴിഞ്ഞ രണ്ടുമാസമായി ജയിൽശിക്ഷ അനുഭവിക്കുകയാണ്.
ഇയാളെ സർക്കാർ സ്കൂൾമാനേജർസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തത്. കഴിഞ്ഞദിവസമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉത്തരവ് പുറത്തിറക്കിയത്.
ഓരോ അധ്യാപകരിൽനിന്നും 10 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ വാങ്ങിച്ച് അവരെ വർഷങ്ങളോളം ജോലിചെയ്യിച്ച് ഒരു രൂപപോലും ശമ്പളം നൽകാതെ പറഞ്ഞുവിടുകയും ചെയ്തതായി അധ്യാപകരുടെ പരാതിയിൽ പറയുന്നു. അഴിമതിക്കാരനും കൊള്ളക്കാരനുമായ ഇത്തരത്തിലുള്ള സ്കൂൾമാനേജർമാർ സ്കൂളുകൾ നടത്തേണ്ടതില്ലെന്നും ഏറ്റെടുക്കൽ ഉത്തരവിലുണ്ട്. പ്രവീണിന്റെ ഭാര്യക്കെതിരെയും അമ്മയ്ക്കെതിരെയും സ്കൂളിലെ സംസ്കൃതഅധ്യാപികയ്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. പ്രവീണിന്റെ ഭാര്യ പള്ളിക്കൽ സ്കൂളിലെ പ്രധാനാധ്യാപിക കൂടിയാണ്. എന്നാൽ പ്രവീണിനുപുറമെയുള്ള മൂന്നുപേർക്കും കോടതി മുൻകൂർജാമ്യം അനുവദിച്ചു.
നിരവധിതവണ സർക്കാരിനെയും പറ്റിച്ചിരുന്നുവെന്നു പരാതികളിലുണ്ട്. മൂന്നു സ്കൂളുകളിലായി 221 കുട്ടികളുണ്ടെന്ന വ്യാജകണക്ക് കാണിച്ച് യൂണിഫോമും സ്കോളർഷിപ്പും മറ്റാനുകൂല്യങ്ങളും തട്ടിയെടുത്തെന്നാണ് ആക്ഷേപം.