ഭൂമിക്കടിയിലെ മുഴക്കം ഭൂചലനമല്ല; ആശങ്ക വേണ്ട
1444011
Sunday, August 11, 2024 6:49 AM IST
ചാവക്കാട്: തിരുവത്ര പുതിയറയില്‍ വെള്ളിയാഴ്ച്ച ഭൂമിക്കടിയിൽ മുഴക്കംകേട്ടതും കെട്ടിടങ്ങൾക്കു വിള്ളൽ സംഭവിച്ചതും ഭൂചലമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിദഗ്ധസംഘം അറിയിച്ചു. കെട്ടിടങ്ങൾക്കു വിള്ളൽവീണതും മുഴക്കംകേട്ടതുമായ സ്ഥലങ്ങൾ ജിയോളജി വകുപ്പിന്റെ വിദഗ്ധസംഘം സന്ദര്‍ശനം നടത്തി.
കെട്ടിടങ്ങൾക്കു സംഭവിച്ച കേടുപാടുകളും പരിസരപ്രദേശങ്ങളും സംഘം നിരീക്ഷിച്ചു. നാട്ടുകാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ചാവക്കാട് നഗരസഭ വാർഡ് 32ൽ പുതിയറ മസ്ജിദിനു പടിഞ്ഞാറുവശമുള്ള ആർസി ക്വാർട്ടേഴ്സിലെ ഏഴ് ലൈൻ വീടുകൾ, താഴത്ത് സലാമിന്റെ ക്വാർട്ടേഴ്സിന്റെ മുകൾഭാഗം കേരന്റകത്ത് ഫൈസൽ, സൈഫുള്ള റോഡിൽ ഇ.എം. ഷാഹുൽ ഹമീദ്, സഹോദരൻ ഇ.എം. ഹംസു, തിരുവത്ര അത്താണി കല്ലുവളപ്പിൽ നൗഷാദ് എന്നിവരുടെ വീടുകൾ വിദഗ്ധ സംഘം സന്ദർശിച്ചു.
ഭൂചലനം സംഭവിച്ചിട്ടില്ലെന്നാണു പ്രാഥമികനിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മൈനിംഗ് ആൻഡ് ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ് പറഞ്ഞു. ഭൂമിക്കടിയില്‍ സാധാരണ ഗതിയില്‍ നിരവധി ചലനങ്ങള്‍ ഉണ്ടാകും. വിശദമായ പരിശോധനകള്‍ നടത്തിയാലേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
തഹസില്‍ദാര്‍ ടി.പി. കിഷോറിന്റെ നേതൃത്വത്തില്‍ എത്തിയ ജില്ലാ, ഹൈഡ്രോ ജിയോളജിസ്റ്റ് കെ. ലീന, അസിസ്റ്റന്റ് ജിയോളജിസ് തുളസി രാജന് എന്നിവരുടെ സംഘമാണു പരിശോധന നടത്തിയത്. ചാവക്കാട് വില്ലേജ് ഓഫീസർ ടി.എസ്. അനിൽകുമാർ, അസിസ്റ്റന്റ് ഓഫീസർ റിജിത്ത്, പിഡബ്ല്യുഡി ഓവർസിയർ ടി.എം. ശിവദാസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, നഗരസഭ ഓവർസിയർ പി.എസ്. ഷീജ എന്നിവരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഭൂമിക്കടിയിൽ മുഴക്കംകേട്ട് കെട്ടിടങ്ങൾക്കു വിള്ളൽവീണ തിരുവത്ര പുതിയറയിലെ വീടുകളിൽ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി സംഘം നാട്ടുകാരിൽനിന്നു വിവരം ശേഖരിക്കുന്നു.