പൈപ്പുപൊട്ടി റോഡ് തകര്‍ന്നു; കുടിവെള്ള വിതരണം നിര്‍ത്തിവച്ചു
1443539
Saturday, August 10, 2024 1:59 AM IST
വരന്തരപ്പിള്ളി: കുടിവെള്ള പൈപ്പുപൊട്ടി റോഡ് തകര്‍ന്നു. വരന്തരപ്പിള്ളി സെന്ററില്‍നിന്ന് കുന്നത്തുപാടം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്താണു പൈപ്പ് പൊട്ടിയത്. തോട്ടുമുഖം പമ്പ്ഹൗസില്‍നിന്ന് വേപ്പൂര്‍, വട്ടക്കൊട്ടായി പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണു പൊട്ടിയത്. വെള്ളം ശക്തിയായി പുറത്തേക്ക് തള്ളിയതോടെ ടാറിംഗ് വിണ്ടുകീറിയാണ് റോഡ് തകര്‍ന്നത്.
മണിക്കൂറുകളോളം കുടിവെള്ളം പാഴായതോടെ ഇവിടേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചു. കാലപ്പഴക്കമാണു പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്നു പറയുന്നു. 35 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. വരന്തരപ്പിള്ളി പഞ്ചായത്തിന്റെ പല പ്രദേശത്തും സ്ഥാപിച്ച പ്രധാന റോഡുകളിലെ പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്നതു പതിവായിരിക്കുകയാണ്.