പ്രളയം മനുഷ്യനിർമിതം; പ്രതിഷേധം
1443538
Saturday, August 10, 2024 1:59 AM IST
നരഹത്യക്കു കേസെടുക്കണം: ജോസ് വള്ളൂർ
തൃശൂർ: പീച്ചി, വാഴാനി ഡാമുകൾ സുരക്ഷ പാലിക്കാതെ തുറന്നുവിട്ടവർക്കെതിരെ നരഹത്യക്കു കേസെടുക്കണമെന്നു നാഷണൽ ജനതാദൾ കുറ്റവിചാരണസദസ് ഉദ്ഘാടനംചെയ്ത് മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.
ആയിരക്കണക്കിനു കുടുംബാംഗങ്ങളും പതിനായിരക്കണക്കിനു ഹെക്ടർ കൃഷിഭൂമിയും ദുരിതത്തിലായി. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ദുരന്തങ്ങൾ ഇത്തരത്തിൽ ആവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രാമദാസ്, ഔസേപ്പ് ആന്റോ, തിലകൻ പുളിങ്കുഴി എന്നിവർ പ്രസംഗിച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
തൃശൂർ: പീച്ചി ഡാം അശാസ്ത്രീയമായി തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കുക, പ്രളയത്തിൽ നാശനഷ്ടമുണ്ടായവർക്കു സർക്കാർ നഷ്ടപരിഹാരം വിതരണം ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുമായി നടത്തറ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി മൂർക്കനിക്കര സെന്ററിൽ നടത്തിയ ജനകീയപ്രതിഷേധം കോണ്ഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ ടി.എം. രാജീവ്, എം.എൽ. ബേബി, ബിന്ദു കാട്ടുങ്ങൽ,ഷേർലി മോഹനൻ എന്നിവർ പ്രസംഗിച്ചു.
പാണഞ്ചേരി: പീച്ചി ഡാമിൽനിന്നും നിയന്ത്രണമില്ലാതെ വെള്ളം തുറന്നുവിട്ടുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്കും വീടുപോയവർക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകകോണ്ഗ്രസിന്റെ ആഭിമുഖ്യത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. ഡിസിസി മെന്പർ കെ.സി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
കർഷകകോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി റോയ് കെ. ദേവസി, കെപിസിസി മെന്പർ ലീലാമ്മ, പി.എൻ. വാസു എന്നിവർ പ്രസംഗിച്ചു.
നടത്തറ ഗ്രാമപഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു
നടത്തറ: നടത്തറ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്നു ഇറങ്ങിപ്പോയി.
മാനദണ്ഡങ്ങൾ പാലിക്കാതെ പീച്ചി ഡാം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കിയവർക്കെതിരെ നടപടി എടുക്കുക, താമസക്കാർക്കും കർഷകർക്കും സ്ഥാപനങ്ങൾക്കും, യഥാർഥ നഷ്ടം തിട്ടപ്പെടുത്തി വിതരണംചെയ്യുക, മണലിപ്പുഴയും കൈനൂർ ചിറയും നവീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇറങ്ങിപ്പോയത്. യോഗം ബഹിഷ്കരിച്ച മെമ്പർമാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ നില്പുസമരം നടത്തി.
ബിന്ദുകാട്ടുങ്ങൽ, മിനി വിനോദ്, ടി.പി. മാധവൻ, സരിത സജീവ് തുടങ്ങിയ വർ നേതൃത്വം നൽകി, പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ നില്പുസമരം പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. വിജയകുമാർ ഉദ്ഘാടനംചെയ്തു. നടത്തറ മണ്ഡലം പ്രസിഡന്റ്് ജേക്കബ് പോൾ അധ്യക്ഷതവഹിച്ചു. എം.എൽ. ബേബി, ഇ.എസ്. അനിരുദ്ധൻ, ഷെർലി മോഹൻ, റോണി കുരിയൻ, സി.വി. ബാലാനന്ദൻ, ശോഭന വിദ്യാസാഗർ, അമ്പിളി രാമചന്ദ്രൻ, എം.കെ. ഷാജു, രാജേഷ് ചാലിശേരി, കെ.എം. ശ്രീരാഗ് തുടങ്ങിയവർ പ്രസംഗിച്ചു.