കേരളത്തിലെ റോഡ് തകർച്ച പിണറായി സർക്കാരിന്റെ പരാജയം: കെ. സുരേന്ദ്രൻ
1443536
Saturday, August 10, 2024 1:59 AM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന്റെയും ഭരണപരാജയത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തിലെ തകർന്നുകിടക്കുന്ന റോഡുകളെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിൽ പിണറായി സർക്കാർ പൂർണമായി പരാജയപ്പെട്ടു. നിരവധിയാളുകളുടെ വിലപ്പെട്ട ജീവനാണ് കേരളത്തിലെ റോഡുകളിൽ ഹോമിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ - കുന്നംകുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ചൂണ്ടൽ സെന്ററിൽ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ദയാനന്ദൻ മാന്പുള്ളി തുടങ്ങിയവർ സംസാരിച്ചു.