പ്രളയത്തിൽ വീണുടഞ്ഞ് ടൈൽ ഫാക്ടറികൾ
1443534
Saturday, August 10, 2024 1:59 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഇനി എന്തുചെയ്യണമെന്നറിയില്ല, സ്റ്റോക്കുചെയ്ത മണ്ണെല്ലാം ഒലിച്ചുപോയി. കുറച്ചുകൂടി പണി ബാക്കിയുണ്ടായിരുന്ന ഫ്ളോറിംഗ് ടൈലുകളെല്ലാം കേടുവന്നു. കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത് - ഇക്കഴിഞ്ഞ മഴക്കെടുതിയിൽ വെള്ളം കയറി വൻനഷ്ടം സംഭവിച്ച തലോർ തലവണിക്കര സതേണ്‍ ക്ലേ ക്രാഫ്റ്റ് ഉടമ എ.വി. ജോസിന്റെ മകൻ റോബി തലയിൽ കൈവച്ചു പറഞ്ഞു.
റോബിയുടെ ഫാക്ടറിയിൽ, ചൂളയിൽ ചുട്ടെടുക്കാത്ത ഫ്ളോറിംഗ് ടൈലുകൾ വെള്ളംകയറി കുഴഞ്ഞുകിടക്കുന്നു. വൻതുക നൽകി സ്റ്റോക്കുചെയ്ത ക്ലേ പൗഡറുകൾ ചെളിക്കു സമാനമായി ഫാക്ടറിയിലും പരിസരത്തും ഒഴുകിപ്പരന്നു കിടന്നുണങ്ങിക്കൊണ്ടിരിക്കുന്നു.
തൃശൂരിന്റെ പരന്പരാഗതവ്യവസായമെന്ന ഖ്യാതിയുടെ ചരിത്രംപേറുന്ന അവശേഷിക്കുന്ന ഓട്ടുകന്പനികളിൽ ഒന്നാണ് 1991ൽ ആരംഭിച്ച് ജോസും റോബിയും ഇപ്പോഴും നടത്തുന്ന സതേണ്‍ ക്ലേ ക്രാഫ്റ്റ് എന്ന ഫാക്ടറി.
നഷ്ടങ്ങൾ പലതു സഹിച്ചും ഇപ്പോഴും മുന്നോട്ടുപോകുന്ന ജില്ലയിലെ ബാക്കിയുള്ള എഴുപതോളം ടൈൽ ഫാക്ടറികളിലെല്ലാം ഇക്കഴിഞ്ഞ മഴയും വെള്ളപ്പൊക്കവും കോടികളുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നു റോബി പറഞ്ഞു. തങ്ങൾക്കുമാത്രം മൂന്നുകോടിക്കടുത്തു നഷ്ടമുണ്ടായതായാണ് റോബിയുടെ പ്രാഥമികകണക്ക്.
തമിഴ്നാട്ടിലെ വിപണി ലക്ഷ്യമാക്കി നിർമിച്ചുകൊണ്ടിരുന്ന ഫ്ളോറിംഗ് ടൈലുകളാണ് വെള്ളംകയറി നശിച്ചത്. പഴയകാല ഓടുകൾ, മൂലോടുകൾ, വെന്റിലേഷൻ ജാളി എന്നിവയും റോബിയുടെ ഫാക്ടറിയിൽ നിർമിക്കുന്നുണ്ട്. ഇവയെല്ലാം നശിച്ചവയിൽപെടുന്നു. പണികളെല്ലാം കഴിഞ്ഞ നിരവധി ടൈലുകൾ ഫാക്ടറിയിലുണ്ടായിരുന്നു. ഇവയെല്ലാം വെള്ളംകയറി ചെളിപിടിച്ചിട്ടുണ്ട്. ഇവ നന്നായി കഴുകിവൃത്തിയാക്കിയാൽ ഉപയോഗിക്കാൻ സാധിക്കും.ആയിരക്കണക്കിനു ടണ്‍ ക്ലേ പൗഡറാണ് വെള്ളപ്പൊക്കത്തിൽ ഉപയോഗിക്കാനാവാത്തവിധം നശിച്ചത്. ഫാക്ടറിക്കുള്ളിലേക്കു ചുറ്റുപാടുനിന്നും വെള്ളം കയറിയപ്പോൾ സമീപത്തെ വർക്ക്ഷോപ്പുകളിലെ ഓയിലും മറ്റും വെള്ളത്തിൽ കലർന്ന് ക്ലേ പൗഡറിൽ ചേർന്നു.
ഇതോടെ മണ്ണിൽ കറുത്ത കുത്തുകളുണ്ടായി. ഈ ക്ലേ പൗഡർകൊണ്ട് ഇനി ടൈലുകൾ ഉണ്ടാക്കിയാലും അവയിൽ കറുത്ത കുത്തുകൾ കാണുമെന്നതുകൊണ്ട് ആളുകൾ വാങ്ങില്ലെന്നു റോബി പറയുന്നു. കർണാടകയിലെ മാളൂരിൽനിന്നാണ് ലോഡൊന്നിന് അറുപത്തയ്യായിരം രൂപവരെ നൽകി ക്ലേ പൗഡർ കേരളത്തിലെത്തിക്കുന്നത്. 2018ലെ പ്രളയകാലത്തും ഇപ്പോഴത്തേതിനു സമാനമായ നഷ്ടം ഇവർക്കു സംഭവിച്ചിരുന്നു.
ജില്ലയിൽ തലോർ, പുതുക്കാട്, ആന്പല്ലൂർ മേഖലകളിലാണ് ഇപ്പോഴും ഓട് - ടൈൽസ് ഫാക്ടറികൾ അവശേഷിക്കുന്നത്. മുൻപ് 250ഓളം ഫാക്ടറികളുണ്ടായിരുന്നിടത്ത് ഇന്ന് നൂറിൽതാഴെ ഫാക്ടറികളേ ബാക്കിയുള്ളൂ.