കണ്ടാടിവല വിരിക്കുന്നതിനിടെ തൊഴിലാളി ഒഴുക്കിൽപ്പെട്ടു മരിച്ചു
1443450
Friday, August 9, 2024 10:55 PM IST
തളിക്കുളം: സ്നേഹതീരം പാർക്കിനടുത്ത് കടലിൽ കണ്ടാടി വല വിരിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട് ബാർബർ തൊഴിലാളി മരിച്ചു. തളിക്കുളം നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് പരേതനായ കുമാരന്റെ മകൻ സുനിൽകുമാർ (52 ) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.40 ന് തളിക്കുളം സ്നേഹതീരം പാർക്കിന് തെക്ക് നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപമായിരുന്നു അപകടം. കരയോടടുത്ത് കടലിൽ ഇറങ്ങി നിന്ന് കണ്ടാടി വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനിടെ ആഞ്ഞടിച്ച തിരയിൽപ്പെട്ട് മുങ്ങിതാഴുകയായിരുന്നു.
ചുഴിയിൽ അകപ്പെട്ട സുനിൽ കുമാറിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നമ്പിക്കടവിൽ ബാർബാർ തൊഴിലാളിയായ സുനിൽകുമാർ രാവിലെ എട്ടുവരെ കടലിൽ വലയിട്ട് മത്സ്യം പിടിക്കുക പതിവാണ്. ഒമ്പതിനാണ് ബാർബർ പണിക്കായി കടയിൽ എത്തുക. ഒരു മണിക്കൂർ കഴിഞ്ഞ് മടങ്ങാൻ ഇരിക്കെയാണ് തിരയിൽ അകപ്പെട്ടത്.
അമ്മ:പരേതയായ കുഞ്ഞിമോൾ.ഭാര്യ: സജിത. മക്കൾ: ഉത്ര, വൈഷ്ണവി. സംസ്കാരം ഇന്നു രാവിലെ 10 ന് തളിക്കുളം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.