തൃശൂരിലെ ഓണാഘോഷം അനിശ്ചിതത്വത്തിൽ
1443220
Friday, August 9, 2024 1:55 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓണാഘോഷങ്ങൾ റദ്ദാക്കിയതോടെ തൃശൂരിലെ ഓണാഘോഷവും അനിശ്ചിതത്വത്തിൽ.
നിലവിൽ ഇതുസംബന്ധിച്ച സർക്കുലർ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മേയർ എം.കെ. വർഗീസ് ദീപികയോട് പറഞ്ഞു. സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ ഓണാഘോഷംവേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. പുലിക്കളിയും കുമ്മാട്ടിയും അടക്കം ലോകശ്രദ്ധനേടുന്ന തൃശൂരിന്റെ ഓണാഘോഷങ്ങൾ ഈ വർഷം ഉണ്ടാകുമോ ഇല്ലയോ എന്നുറപ്പില്ലാതായതോടെ പുലിക്കളി സംഘങ്ങളും ഏറെ പ്രതിസന്ധിയിലായി. നിലവിൽ പുലിക്കളി സംഘങ്ങൾക്കും ഇതുസംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചിട്ടില്ല.
തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പുലിക്കളിക്ക് ഇത്തവണ 25% അധികം സാമ്പത്തികസഹായം പ്രഖ്യാപിച്ച സാഹചര്യത്തിൽ പുലിക്കളിസംഘങ്ങൾ ഏറെ ആവേശത്തിലായിരുന്നു. നാലോണനാളിലെ പുലിക്കളിക്കായി ഒരുക്കങ്ങളും പലവിഭാഗങ്ങളും ആരംഭിച്ചിരുന്നു. വേഷവും മുഖമൂടികളും അടക്കം ബുക്കുചെയ്ത സംഘങ്ങളും അണിയറയിലുണ്ട്.
കഴിഞ്ഞദിവസംചേർന്ന കൗണ്‍സിൽ യോഗത്തിലും ഓണാഘോഷങ്ങൾ ഒഴിവാക്കുന്നകാര്യം പല കൗണ്‍സിലർമാരും മുന്നോട്ടുവച്ചിരുന്നെങ്കിലും അതിൽ കൃത്യമായ തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ഏതാനും കൗണ്‍സിലർമാരും ആഘോഷപരിപാടികളിൽനിന്ന് സ്വമേധയാ വിട്ടുനിൽക്കുന്നതായും അറിയിച്ചിരുന്നു.ടൂറിസംവകുപ്പിന്റെ സഹായമില്ലാത്തതും കോർപറേഷൻ നൽകുന്ന ഫണ്ടായതിനാലും പുലിക്കളി നടക്കാന്‍ സാധ്യതയുണ്ടെങ്കിലും അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല. ആഘോഷങ്ങൾ ഒഴിവാക്കിയാൽ പുലിക്കളി സംഘങ്ങൾ വീണ്ടും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാനും സാധ്യതയേറെയാണ്.