ഗുരുവായൂരപ്പന് 40 ലക്ഷത്തിന്റെ വഴിപാടുകൾ സമർപ്പിച്ചു
1443217
Friday, August 9, 2024 1:55 AM IST
ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി നിർമിച്ചു നൽകിയ പുതിയ നടപ്പന്തൽ സമർപ്പിച്ചു. തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസംഘത്തിന്റെ വഴിപാടായാണ് 40 ലക്ഷത്തോളം ചെലവിൽ വഴിപാട് സമർപ്പണം നടത്തിയത്. കിഴക്കേ ഗോപുരം മുതൽ ഭഗവതി ക്ഷേത്രം വരെയുള്ള നടപ്പന്തൽ, ഭഗവതി ക്ഷേത്രത്തിനു സമീപം ചോറൂണിന് പ്രവേശിക്കുന്നവർക്ക് വരിനിൽക്കുന്നതിന് സ്ഥാപിച്ച എടുത്തു മാറ്റാവുന്ന തരത്തിലുള്ള വരിസംവിധാനം, കിഴക്കേ ഗോപുരത്തി നു മുന്നിലെ തൂണുകളിലെ വെള്ളി പാളികൾ പോളീഷ് ചെയ്തത് എന്നിവയാണു സമർപ്പിച്ചത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ വഴിപാടുകളുടെ സമർപ്പണം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, എക്സിക്യുട്ടീവ് എൻജിനിയർ എം.കെ. അശോക് കുമാർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ, കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ട്രസ്റ്റ് പ്രസിഡന്റ് മണിചന്ദ്രൻ എന്നിവർ പങ്കെടുത്തു.
1991 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് എട്ടിന് കുംഭകോണം ഗുരുവായൂരപ്പ ഭക്തസംഘം ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ വഴിപാടുകൾ സമർപ്പിക്കാറുണ്ട്.