പിതൃതർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങൾ
1441937
Sunday, August 4, 2024 7:18 AM IST
ചാവക്കാട്: മൺമറഞ്ഞവരുടെ ഓർമയിൽ വിതുമ്പി വാ കടപ്പുറം. കർക്കടകവാവിൽ പിതൃബലിതർപ്പണത്തിനായി പഞ്ചവടി കടപ്പുറത്ത് എത്തിയത് ആയിരങ്ങൾ. വിടപറഞ്ഞവരുടെ മോക്ഷത്തിനായി കടലിലിറങ്ങി ബലിയിട്ട് മുങ്ങിക്കുളിച്ച് ഈറനുടുത്തു കരയ്ക്കു കയറുമ്പോഴും ചുണ്ടിലും മനസിലും പ്രാർഥനാമന്ത്രങ്ങൾമാത്രം. പിന്നിട് തിലഹവനം, പിതൃസായൂജ്യപൂജ തുടങ്ങിയവ നടത്തി കാണിക്കസമർപ്പണം നടത്തിയാണ് തിരിച്ചുപോയത്.
പ്രസിദ്ധമായ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വാകടപ്പുറത്ത് ഒരുക്കിയ പിതൃബലിതർപ്പണത്തിൽ പങ്കെടുക്കാൻ മിനിയാന്നു രാത്രിമുതൽ വിശ്വാസികൾ എത്തിയിരുന്നു. ഇന്നലെ പുലർച്ചെ രണ്ടുമുതൽ രാവിലെ ഒമ്പതുവരെയായിരുന്നു ബലിയിടൽ.
പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം ഒരുക്കിയ യജ്ഞശാലയിലായിരുന്നു ചടങ്ങ്. ഒരേസമയം ആയിരം പേർക്കു ബലിയിടാനുളള പന്തൽ ഒരുക്കിയിട്ടുണ്ടായിരുന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി പതിനായിരത്തിലധികം പേർ ബലിതർപ്പണത്തിനു ശീട്ടാക്കിയിരുന്നു. ബലിയിടാൻ എത്തുന്ന മുഴുവൻപേർക്കും പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ദിലീപ് കുമാർ പാലപ്പെട്ടി, വിനയദാസ് താമരശേരി, വിക്രമൻ താമരശേരി തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി സുമേഷ് ശർമ, ഷൈൻ ശാന്തി തുടങ്ങിയവർ മുഖ്യകാർമികത്വം വഹിച്ചു. കടൽ ശാന്തമായിരുന്നു. പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, വോളന്റിയർമാർ തീരത്തു സജ്ജരായിരുന്നു.