മങ്ങാട് നടേശൻമാസ്റ്ററെ സ്മരിച്ച് ഗുരുപ്രണാമം ഇന്ന്
1441929
Sunday, August 4, 2024 7:18 AM IST
തൃശൂര്: കർണാടകസംഗീതരംഗത്തെ സർവാദരണീയ ഗുരുനാഥനായിരുന്ന മങ്ങാട് കെ. നടേശൻമാസ്റ്ററെ അനുസ്മരിക്കുന്നു. ഇന്നു വൈകീട്ട് നാലിനു പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തിലുള്ള ജാനകീനാഥ് ഹാളിലാണു പരിപാടി. ശിഷ്യരുടെ സംഗീതാരാധന, വീഡിയോ പ്രദർശനം, അനുസ്മരണ പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും.
കൊല്ലം ജില്ലയിലെ മങ്ങാട് ജനിച്ച നടേശൻ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിലാണ് സംഗീതപഠനം പൂർത്തിയാക്കിയത്. 1975ൽ ആകാശവാണിയുടെ തൃശൂർ നിലയത്തിൽ നിലയവിദ്വാനായി നിയമനം ലഭിച്ചു. ആകാശവാണിയുടെ ടോപ് ഗ്രേഡ് കലാകാരനായി 1991ൽ വിരമിച്ചു.
കേരളത്തിനകത്തും പുറത്തും ഒട്ടനവധി സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള പ്രഗത്ഭനായിരുന്നു മങ്ങാട് നടേശൻമാസ്റ്റർ. അദ്ദേഹം ആകാശവാണിയിലൂടെ അവതരിപ്പിച്ച കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോ ൾ തുടങ്ങിയ മഹാകവികളുടെ കവിതാലാപനവും ശ്രീനാരായണഗുരുദേവകൃതികളടക്കമുള്ള ഭക്തിഗാനങ്ങളുടെ അവതരണവും ഏവ രേയും ആകർഷിക്കുന്നതായിരുന്നു.
മുഖത്തല വി. ശിവജി, കെ. മുരളീധരനുണ്ണി, സംഗീത കോളജ് റിട്ട. പ്രിൻസിപ്പൽ വി.കെ. രമേശൻ, തമിഴ്നാട് കേന്ദ്ര സർവകലാശാല അധ്യാപകരായ ഡോ. വി.ആർ. ദിലീപ്കുമാർ, എസ്. മഹതി, അഭിരാം ഉണ്ണി, കോട്ടയ്ക്കൽ രഞ്ജിത് വാര്യർ, വയലിൻ വിദ്വാൻ സി.എസ് .അനുരൂപ്, അരൂർ പി.കെ. മനോഹരൻ തുടങ്ങി ഒട്ടനവധി പ്രശസ്തശിഷ്യർ മാസ്റ്റര്ക്കുണ്ട്. സിനിമാരംഗത്തുള്ള എൻ. ലതിക, ജി. വേണുഗോപാൽ, ഗായത്രി അശോകൻ, ജ്യോത്സ്ന, ആശാ ജി., അൽഫോൻസ് ജോസഫ് എന്നി വരും മാസ്റ്ററുടെ ശിഷ്യപരമ്പരയിലുണ്ട്.
കേരള സംഗീതനാടക അക്കാദമി അവാർഡ്, ഫെലോഷിപ്പ് , കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, മദ്രാസ് മ്യൂസിക് അക്കാദമി സംഗീതകലാചാര്യ ബഹുമതി, ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം, കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം തുടങ്ങിയവ മാസ്റ്റർക്കു ലഭിച്ചിട്ടുണ്ട്.
ഭാര്യ വി. നിർമല. കണ്ണൂർ സർവകലാശാല ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് ഡീനും സംഗീതവിഭാഗം മേധാവിയുമായ ഡോ. എൻ. മിനി, കാലടി സർവകലാശാല സംഗീതവിഭാഗത്തിൽ ജോ ലിചെയ്യുന്ന ഡോ. പ്രിയദർശിനി, സംഗീതധ്യാപികയായ എൻ. മീര എന്നിവരാണ് മക്കൾ.