കരിയന്നൂർകുന്നിലെ മണ്ണിടിച്ചിൽ: ജനപ്രതിനിധികൾ സന്ദർശിച്ചു
1441779
Sunday, August 4, 2024 2:57 AM IST
എരുമപ്പെട്ടി: കരിയന്നൂർ കുന്നിൽ മണ്ണിടിച്ചിൽ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, വാർഡ് മെമ്പർ സതി മണികണ്ഠൻ എന്നിവർ സന്ദർശിച്ചു. നേരിയ തോതിലുള്ള മണ്ണിടിച്ചിൽ ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
ഇതിനോടൊപ്പം ഭൂമിക്കടിയിൽനിന്ന് വെള്ളവും ഒഴുകിവരുന്നു. മുക്കിൽപുരയ്ക്കൽ ദാസൻ, മുക്കിൽപുരയ്ക്കൽ വേലായുധൻ, മഠത്തിൽപറമ്പിൽ ഭാസ്ക്കരൻ, കരിയന്നൂർ മണി എന്നിവരുടെ വീടിൻ്റെ പുറക് വശത്താണ് വലിയ രീതിയിൽ കുന്നിടിയുന്നത്. ശക്തമായ മണ്ണിടിച്ചിൽ അനുഭവപ്പെട്ട ദിവസങ്ങളിൽ ഈ കുടുംബങ്ങൾ പൂർണമായും മാറിതാമസിച്ചു.
ഇപ്പോൾ പകൽസമയം വീടുകളിൽ കഴിയുന്നുണ്ടെങ്കിലും മണ്ണിടിച്ചിൽ ഭയന്ന് രാത്രിയിൽ ബന്ധുവീടുകളിൽ അഭയം തേടുകയാണ്. അറുപതോളം വീടുകളും അപകടസാധ്യതാപ്രദേശ പരിധിയിലുണ്ട്. ഇവർ താമസിക്കുന്ന കുന്നിനോടുചേർന്ന് വലിയ അളവിൽ വെള്ളം കെട്ടി നിൽക്കുന്ന ഭീമൻ കരിങ്കൽ ക്വാറികളുണ്ട്. ക്വാറികളിൽ നിന്നാണ് വെള്ളം ഭൂമിക്കടിയിലൂടെ ഒഴുകിയെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. 2018ൽ പ്രളയകാലത്തും കരിയന്നൂർ കുന്നിൽ വിള്ളൽ അനുഭവപ്പെട്ടിരുന്നു. ഇതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
തഹസിൽദാർ, റവന്യൂ, ജിയോളജി വകുപ്പുകളുമായി പ്രസിഡന്റ് ബന്ധപ്പെട്ടതിന്റ് അടിസ്ഥാനത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിൽ ആശങ്ക വേണ്ടായെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടുവാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും പ്രസിഡന്റ് അറിയിച്ചു.