എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളുടെ കിഴക്കൻമേഖലകൾ വെള്ളത്തിൽ മുങ്ങി
1441521
Saturday, August 3, 2024 1:06 AM IST
എടത്തിരുത്തി: കനോലികനാൽ കരകവിഞ്ഞ് എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകൾ വെള്ളത്തിൽ മുങ്ങി. മുന്നൂറോളംപേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. ഡാമുകളിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടതോടെയാണ് കനോലി കനാൽ കരകവിഞ്ഞത്.
ആദ്യ ദിവസങ്ങളിൽ താഴ്ന്നപ്രദേശമായ എടത്തിരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ് പ്രദേശം മാത്രമാണ് വെള്ളക്കെട്ടിലായത്. അടുത്ത ദിവസം മുതൽ പൈനൂർ, പല്ല, കയ്പമംഗലം പഞ്ചായത്തിലെ പാലിയംചിറ, എൽബിഎസ് കുടുബകൂട്ടായ്മ, കാക്കാത്തിരുത്തി, അമ്പലനട കിഴക്ക്, കൂനിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറി. നൂറിലധികം വീടുകളാണ് വെള്ളക്കെട്ടിലായിട്ടുള്ളത്. പല വീട്ടുകാരും സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു കയറ്റി വച്ച് ബന്ധുവീടുകളിലേക്കു മാറിയിരിക്കുകയാണ്.
കാക്കാത്തിരുത്തി ഇസത്തുൽ ഇസ്ലാം മദ്രസയിലാണു കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ 31 കുടുംബങ്ങളിൽനിന്നായി 79 പേരാണു ക്യാമ്പിലുള്ളത്. എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 33 കുടുംബങ്ങളിൽനിന്നുള്ള 112 പേരാണുള്ളത്. ഇവർക്കുവേണ്ട ഭക്ഷണവും മറ്റും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്.