വലപ്പാട്: ആർസിഎൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി ഐദാൻ മുഹമ്മദ് വലപ്പാട് പഞ്ചായത്ത് ഓഫീസിൽ വ്യാഴാഴ്ച എത്തിയത് കെെയിൽ മൂന്നു കാശുകുടുക്കയുമായാണ്. മൂന്നുവർഷമായി സ്വരുക്കൂട്ടിവച്ച തന്റെ കുരുന്നു സമ്പാദ്യമായിരുന്നു അതിൽ. പത്രങ്ങളിലും ചാനലുകളിലും വയനാട് ദുരന്തത്തെ കുറിച്ചുള്ള വാർത്തകൾ ഈ കുരുന്നുഹൃദയത്തെ ഉലച്ചു.
പിന്നെ ഒന്നുംനോക്കിയില്ല, തന്റെ കാശുകുടുക്കയിലെ പണം എങ്ങനെയെങ്കിലും വയനാട്ടിലെ ദുരന്തബാധിതർക്ക് എത്തിക്കണം എന്നതായിരുന്നു ചിന്ത. ആവശ്യം ഉന്നയിച്ചെത്തിയ ഐദാനോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ജനപ്രതിനിധികൾ രക്ഷിതാക്കളെ ബന്ധപ്പെടുകയും ഇവരുടെ സമ്മതത്തോടെ ഐദാന്റെ മൂന്ന് സമ്പാദ്യകുടുക്കയും ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്കിന്റെയും സെക്രട്ടറിയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. കുടുക്കപൊട്ടിച്ച് എണ്ണി നോക്കിയപ്പോൾ 10,333 രൂപ ഉണ്ടായിരുന്നു.