കോടാലി: തിരക്കേറിയ കോടാലി ടൗണില്‍ യാത്രക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപകട ഭീഷണിയായി നിന്നിരുന്ന ആല്‍മരക്കൊമ്പ് അധികൃതര്‍ മുറിച്ചുനീക്കി. കോടാലിയിലെ ഏറ്റവും തിരക്കേറിയ ആല്‍ത്തറ ജംഗ്ഷനിലാണ് ആല്‍മരത്തിന്റെ വലിയ കൊമ്പ് റോഡിനു കുറുകെ നിന്നിരുന്നത്.
വൈദ്യുതി ലൈനിനും കെട്ടിടങ്ങള്‍ക്കും മുകളിലേക്ക് തലനീട്ടി നിന്നിരുന്ന ആല്‍മരത്തിന്റെ ശാഖ പരിസരത്തുള്ളവര്‍ക്ക് പേടിസ്വപ്നമായിരുന്നു. കാറ്റില്‍ അടര്‍ന്നു വീണാല്‍ യാത്രക്കാര്‍ക്ക് ജീവഹാനി ഉള്‍പ്പടെ സംഭവിക്കാനിടയുള്ളതിനാലാണ് അധികൃതര്‍ ആല്‍മരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റാന്‍ നടപടിയെടുത്തത്. പത്തുവര്‍ഷത്തോളം മുമ്പ് ആല്‍മരക്കൊമ്പ് കാറ്റില്‍ റോഡിലേക്കു വീണിരുന്നു. തലനാരിഴക്കാണ് അന്ന് പലരും രക്ഷപ്പെട്ടത്.