തൃശൂർ റെയിൽവേ സ്റ്റേഷനിൽ കക്കൂസ് മാലിന്യം കാനയിലേക്ക്
1436473
Tuesday, July 16, 2024 12:19 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കക്കൂസ് മാലിന്യം കാനയിലേക്കൊഴുക്കുന്നുവെന്ന പരാതി പരിശോധിക്കാൻ നേരിട്ടെത്തി മേയറും കൗൺസിലർമാരും.
പൊതുജനങ്ങളിൽനിന്നു നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു മേയർ മിന്നൽപരിശോധന നടത്തിയത്. കക്കൂസ് മാലിന്യം കാനയിലേക്കൊഴുക്കുന്നതു ബോധ്യപ്പെട്ടതായും തുടരാൻ അനുവദിക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നും മേയർ എം.കെ. വർഗീസ് വ്യക്തമാക്കി. മേയർക്കൊപ്പം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി എന്നിവരും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാനയിലേക്കൊഴുക്കുന്ന മാലിന്യം റെയിൽവേ സ്റ്റേഷനു സമീപത്തെ വഞ്ചിക്കുളത്തേക്കാണ് എത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇവിടെയാണു വഞ്ചിക്കുളം ടൂറിസം പദ്ധതിയുള്ളത്. ശുദ്ധീകരിച്ച മാലിന്യമാണു കാനയിലൂടെ പുറംതള്ളുന്നതെന്നാണു റെയിൽവേയുടെ വിശദീകരണം. മാലിന്യം കാനയിലേക്ക് ഒഴുക്കുന്പോൾ അനുഭവപ്പെടുന്ന ദുർഗന്ധം സഹിക്കാനാകാതെയാണു യാത്രക്കാരും ഓട്ടോക്കാരും ടാക്സിക്കാരും മേയറോടു പരാതി ഉന്നയിച്ചത്.
റെയിൽവേ സമീപിച്ചാൽ കോർപറേഷൻ ട്രീറ്റ്മെന്റ് പ്ലാന്റിൽ മാലിന്യസംസ്കരണത്തിന് അനുമതി നല്കുമെന്നും മേയർ വ്യക്തമാക്കി.