ബസടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. എസ്ഐ മരിച്ചു
1425173
Sunday, May 26, 2024 11:01 PM IST
കൊടുങ്ങല്ലൂർ: സ്വകാര്യ ബസടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. എസ്ഐ മരിച്ചു. പുല്ലൂറ്റ് കോഴിക്കട പെരുമനപറ വീട്ടിൽ ബാലകൃഷ്ണൻ മകൻ ശ്രീകുമാർ(56) ആണ് മരിച്ചത്. ഞായറഴ്ച രാവിലെ ദേശീയപാത 66ൽ കോതപറന്പ് സെന്ററിൽ വച്ചായിരുന്നു അപകടം.
കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ മുന്പിൽ പോകുകയായിരുന്നു സ്കൂട്ടറിൽ പിറകെ വന്ന ബസ് വന്നിടിക്കുകയായിരുന്നു. ബസിന്റെ ചക്രത്തിനടിയിലേക്ക് വീണ ശ്രീകുമാറിന്റെ തലയിലൂടെ ചക്രം കയറിയിറങ്ങി. കൊടുങ്ങല്ലൂർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരികരിച്ചു.
കൊല്ലം സ്വദേശി ശ്രീകുമാർ കുറച്ചു വർഷമായി കൊടുങ്ങല്ലൂരിൽ കുടുംബവുമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കെ 2018ൽ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ഇപ്പോൾ പറവൂർ മൂത്തകുന്നം തറയിൽ കവലയിൽ അക്ഷയ കേന്ദ്രം നടത്തിവരികയായിരുന്നു.