മഴവെള്ളം കുത്തിയൊഴുകി റോഡ് ഇടിഞ്ഞു; മൂന്നു വീടുകള്‍ അപകടഭീഷണിയില്‍
1424744
Saturday, May 25, 2024 1:32 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊഴുകി റോഡ് ഇടിഞ്ഞതു വീടുകള്‍ക്കു ഭീഷണിയായി. വടക്കേ കോടാലി അങ്കണവാടി റോഡാണ് ഇടിഞ്ഞത്. വീടുകള്‍ക്ക് തൊട്ടുപിറകില്‍ പത്തടിയോളം ഉയരത്തില്‍ നില്ക്കുന്ന റോഡരിക് മഴവെള്ളം ശക്തമായി കുത്തിയൊഴുകിയതുമൂലം വീടിനോടു ചേര്‍ന്ന് ഇടിയുകയായിരുന്നു.
എല്ലാ വര്‍ഷവും മഴക്കാലത്ത് ഇവിടത്തെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം വേണമെന്നാണ് ആവശ്യമുയരുന്നത്. കോടാലി - കുട്ടിമ്പലം റോഡിനേയും കോടാലി -മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന അങ്കണവാടി റോഡിന്റെ ഓരത്ത് താമസിക്കുന്ന നാലുകുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നത്. ശക്തമായ മഴ പെയ്താല്‍ വീടുകളില്‍ സുരക്ഷിതമായി കഴിയാന്‍ ഇവര്‍ക്കാവുന്നില്ല. വീടുകള്‍ക്കു തൊട്ടുപിറകില്‍ ഉയര്ന്നുനില്ക്കുന്ന റോഡ് ഏതുസമയത്തും ഇടിഞ്ഞുവീഴുമെന്ന ഭയമാണ് ഇവര്‍ക്കുള്ളത്.
റോഡിലൂടെ വെള്ളം ഒഴുകിവരുന്നതു തടയുക, റോഡരിക് കോ ണ്ക്രീറ്റ് ചെയ്ത് കെട്ടിസംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്. പഞ്ചായത്ത് ഈ ആവശ്യം നിറവേറ്റിത്തരാത്തതിനാല് സ്വന്തം ചെലവില്‍ റോഡരിക് ഇവിടത്തെ കുടുംബങ്ങള്‍ കെട്ടിസംരക്ഷിച്ചെങ്കിലും മഴക്കാലത്ത് കുത്തിയൊഴുകി കെട്ട് ഇടിഞ്ഞുപോകുകയയാണ്. ഇവിടെ താമസിക്കുന്ന മഞ്ഞള്വളപ്പില് റഫീക്കിന്റെ വീടിനോടുചേര്‍ന്ന് കഴിഞ്ഞ ദിവസം റോഡരിക് ഇടിഞ്ഞുവീഴുകയുണ്ടായി. പഞ്ചായത്ത് ഇടപെട്ട് റോഡ് ഇടിയാതെ കെട്ടി സംരക്ഷിക്കണമെന്നും റോഡിലൂടെ വെള്ളം കുത്തിയൊലിച്ചെത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഇവിടത്തെ കുടുംബങ്ങ ളുടെ ആവശ്യം.