ഗുരുവായൂർ ക്ഷേത്രത്തില്‍ റിക്കാർഡ് വരവ്
1423542
Sunday, May 19, 2024 7:15 AM IST
ഗുരുവായൂർ: ക്ഷേത്രത്തില്‍ ഇന്നലെ വഴിപാടിനത്തില്‍ റെക്കോർഡ് വരവ്. നെയ്വിളക്ക് ശീട്ടാക്കിയുള്ള ദർശനത്തിലൂടെയുള്ള വരവിലും ഇന്നലെ റെക്കോർഡാണ്. വഴിപാടിനത്തിൽ 83,19,002 രൂപയാണ് ഇന്നലെ ലഭിച്ചത്. നെയ്വിളക്ക് ശീട്ടാക്കിയതിലൂടെ 28,35,800 രൂപയും ലഭിച്ചു. 2901പേർ നെയ്വിളക്ക് ശീട്ടാക്കി ദർശനം നടത്തി.
തുലാഭാരം വഴിപാടിനത്തിൽ 20,39,780 രൂപ ലഭിച്ചു. 5.86 ലക്ഷത്തിന്റെ പാൽപ്പായസവും 1.83 ലക്ഷത്തിന്റെ നെയ്പായസവും ഭക്തർ ശീട്ടാക്കി. 50 വിവാഹങ്ങളും 446 ചോറൂൺ വഴിപാടും നടന്നു. വൈശാഖ മാസം തുടങ്ങിയത് മുതൽ തിരക്കിന് ഒരു കുറവുമില്ല. ഇന്നലെ മുതൽ വിഐപി ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സാധാരണക്കാരായ ഭക്തർക്ക് ഉപകാരപ്രദമായി. വരിയിൽനിന്ന മുഴുവൻ ഭക്തർക്കും ദർശനംനൽകിയശേഷം ഉച്ചയ്ക്ക് രണ്ടോടെ ക്ഷേത്രനട അടച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും നൃത്ത അരങ്ങേറ്റത്തിനും വലിയ തിരക്കാണ്. രാവിലെ ആരംഭിക്കുന്ന അരങ്ങേറ്റം രാത്രിയാണ് അവസാനിക്കുന്നത്.
ഇന്ന് നടത്തുന്നതിന് ഇന്നലെ രാത്രി ഏഴുവരെ 161 വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. ഇന്നും ക്ഷേത്രനടയിൽ വലിയ ഭക്തജനതിരക്ക് അനുഭവപ്പെടും. ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കലിന്റെ നേതൃത്വത്തിൽ ക്ഷേത്രം ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്.