പടിയൂരില്‍ വിളനാശം സംഭവിച്ച വയലുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു
1420864
Monday, May 6, 2024 1:50 AM IST
ഇരിങ്ങാലക്കുട: വിളനാശം സംഭവിച്ച വയലുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു. പൂമംഗലം, പടിയൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ ഉള്‍പ്പെട്ട പടിയൂര്‍ തെക്ക് വലിയ മേനോന് കോളില്‍ 32 ഏക്കര്‍ തരിശ് ഉള്‍പ്പടെ 42 ഏക്കറില്‍ കൃഷി ചെയ്ത പാടങ്ങളിലാണു വിളനാശം സംഭവിച്ചത്.
ഉയര്‍ന്ന ചൂടിന്റെ പശ്ചാത്തലത്തില്‍ കടുത്ത വിളനാശമാണ് ഉണ്ടായിട്ടുള്ളത്. കൊയ്താല്‍ കൊയ്യുന്നതിനുള്ള ചെലവു പോ ലും കിട്ടാത്ത സ്ഥിതിയാണു പല പാടശേഖരങ്ങളിലും ഉള്ളത്. വിളനാശത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍ പാടശേഖരം സന്ദര്‍ശിച്ചിരുന്നു. 40 കര്‍ഷകരുടെ കൂട്ടായ്മ 32 ഏക്കര്‍ തരിശു നിലത്തിലടക്കം കൃഷി ഇറക്കിയെങ്കിലും ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്.
കര്‍ഷകരുടെ നഷ്ടം നികത്താന്‍ കഴിയുംവിധം പ്രത്യേക ആനുകൂല്യങ്ങള്‍, ഇന്‍ഷ്വറന്‍സ് ആനുകൂല്യം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തണമെന്നും കൂടുതല്‍ പശ്ചാത്തല സൗകര്യം ഒരുക്കണമെന്നുമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, പഞ്ചായത്തംഗം പ്രഭാത് വെള്ളാപ്പിള്ളി, കര്‍ഷക സംഘം ഭാരവാഹികളായ ജിനരാജ ദാസ്, കെ.ആര്. മണി, കൃഷിവകുപ്പ് വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.കെ. സ്മിത, പടിയൂര്‍ കൃഷി ഓഫീസര്‍ സി.എം. റുബീന, പൂമംഗലം കൃഷി ഓഫീസര്‍ എം.സി. അഭയ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് എന്നിവര്‍ കഴിഞ്ഞ ദിവസം പാടശേഖരം സന്ദര്‍ശിച്ചിരുന്നു.