പഞ്ചാരിയില് നാദവിസ്മയം തീര്ത്ത് ആദ്യശീവേലി
1418560
Wednesday, April 24, 2024 7:02 AM IST
ഇരിങ്ങാലക്കുട: കൂടല്മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില് നാദവിസ്മയം തീര്ത്തു. പ്രഗത്ഭ മേളകലാകാരനായ കലാനിലയം ഉദയന് നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു ആദ്യ ശീവേലിമേളം.
ചിറക്കല് കാളിദാസന് ഭഗവാന്റെ തിടമ്പേറ്റി നാലു പ്രദക്ഷിണം പൂര്ത്തിയാക്കി കിഴക്കേഗോപുരത്തില് ശീവേലിക്കായി എത്തിയപ്പോള് സമയം 8.30. പഞ്ചാരിയുടെ ഒന്നാംകാലത്തിന്റെ ആദ്യകോല് മേളപ്രാമാണികന്റെ ചെണ്ടപ്പുറത്ത് വീണു നാദമായപ്പോള് അകമ്പടിയായി കൊമ്പും കുഴലും ചേങ്ങിലയും താളമിട്ടു. ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്ത്ത 120ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില് ജനങ്ങള് മുഴുകി. രാവിലത്തെ അനാര്ഭാടമായ നാലു പ്രദക്ഷിണത്തിനുശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തിന്റെ ആദ്യസ്പന്ദനം പൊട്ടിത്തെറിക്കുന്നതോടെ ദിവസങ്ങള് നീണ്ടുനില്ക്കുന്ന നാദപ്രപഞ്ചത്തിനു നാന്ദി കുറിക്കുകയായി.
കിഴക്കേ നടപ്പുരയില് പഞ്ചാരിയുടെ പതികാലവും തെക്കേനടയില് രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില് മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്ന്നു രൂപകംകൊട്ടി വടക്കേനടയില് ചെമ്പടമേളത്തിലേയ്ക്കു കടന്നു. ചെമ്പടയില് വകകൊട്ടല് ഇരിങ്ങാലക്കുട ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. തുടര്ന്നു കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്കു സമാപനമായി. നാലുമണിക്കൂര് നീണ്ട ആദ്യശീവേലിക്ക് സമാപനംകുറിച്ച് ഭക്തര് നിര്വൃതിയോടെ മടങ്ങി.
രാത്രി വിളക്കെഴുന്നള്ളിപ്പിനും കലാനിലയം ഉദയന് നമ്പൂതിരി പ്രമാണം വഹിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിനു കുട്ടന്കുളങ്ങര അര്ജുനന് ഭഗവാന്റെ തിടമ്പേറ്റി.