കൂടൽമാണിക്യം ഉത്സവം; ചമയങ്ങളൊരുങ്ങി
1417990
Monday, April 22, 2024 1:24 AM IST
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള ആനച്ചമയങ്ങൾ ഒരുങ്ങുന്നു. സ്വര്‍ണക്കോലവും വെള്ളിപ്പിടികളോടുകൂടിയുള്ള വെണ്‍ചാമരങ്ങളും തങ്കനെറ്റിപ്പട്ടങ്ങളും മണികളുമാണ് തയാറായിട്ടുള്ളത്.
അഞ്ചു കൊന്പന്മാരും രണ്ട് ഉള്ളാനകളും ഉള്‍പ്പെടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്.
സ്വന്തം ചമയങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള തിനാൽ സ്വര്‍ണക്കോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്.
കോലത്തില്‍ ഭഗവാന്റെ രൂപമുള്ള ഗോളികയും തിടമ്പ് വയ്ക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കി ഭാഗം സ്വര്‍ണപൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സ്വര്‍ണത്തിന്റെയോ, വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളകകള്‍, വട്ടക്കിണ്ണം, കൂമ്പന്‍ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വിവിധ വലിപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവയെല്ലാം തനി സ്വര്‍ണത്തിലോ, വെള്ളിയിലോ തീര്‍ത്തതാണ്.
ചമയങ്ങളൊരുക്കുന്നത് കുന്നത്തങ്ങാടി
പുഷ്കരനും സംഘവും
ഒരു മാസത്തിലേറെ സമയമെടുത്താണ് അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്്കരനും സംഘവും ഉത്സവത്തിനായുള്ള ചമയങ്ങളൊരുക്കിയത്. 30 വര്‍ഷമായി ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന പുഷ്്കരന് അച്ഛനായ കുട്ടപ്പനില്‍ നിന്നാണ് ഈ വിദ്യ കൈവശമാക്കിയത്.
കൂടല്‍മാണിക്യം ക്ഷേത്രത്തിനു പുറമേ ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിലും പുഷക്കരന്‍ ആനച്ചമയങ്ങളൊരുക്കിയിരുന്നു.