പൂരം തകർത്ത് "പോലീസ് രാജ് '
1417854
Sunday, April 21, 2024 6:12 AM IST
തൃശൂർ: ദേവസ്വങ്ങളും ജനങ്ങളും ചേര്‍ന്നു വളരെ ഭംഗിയായി നടത്തിവരുന്ന പ്രശസ്തമായ തൃശൂര്‍ പൂരം മൊത്തമായി കുറച്ചു വര്‍ഷങ്ങളായി പോലീസ് സ്വന്തമാക്കിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നു ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
ആചാരങ്ങള്‍ എന്തൊക്കെയാണെന്നും മറ്റും നോക്കിയാണ് തൃശൂര്‍ പൂരം നടത്തുന്നത്. അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാരും നല്‍കാറുണ്ട്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതു പോലീസാണ്. അവര്‍ പറയുന്നതു പോലെ ദേവസ്വങ്ങള്‍ കേള്‍ക്കണമെന്ന നിലയിലാണ് കാര്യങ്ങളെന്നും അവർ കുറ്റപ്പെടുത്തുന്നു.
പൂരം തുടങ്ങുന്നതിനുമുമ്പ് ആനകളുടെ നിയന്ത്രണം പറഞ്ഞ് വനംവകുപ്പ് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ശക്തമായ എതിര്‍പ്പ് ദേവസ്വങ്ങള്‍ ഉയര്ത്തിയയോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്. ആനയ്ക്കുചുറ്റും അമ്പതുമീറ്റര്‍ അകലത്തില്‍ മാത്രമേ ആളുകള്‍ നില്ക്കാന് പാടുള്ളൂവെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം വന്നത്. അങ്ങനെയാണെങ്കില്‍ തങ്ങള്‍ പൂരം നടത്തില്ലെന്നു പറഞ്ഞതോടെ ആ നിര്‍ദേശം പിൻവലിച്ചു. അകലം ആറുമീറ്ററാക്കി. തുടര്‍ന്ന് വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് പോലീസ് രാജ് പൂരം അലങ്കോലമാക്കിയത്.
എങ്ങും വേലി, ഉത്തരമില്ലാതെ പോലീസ്
തൃശൂർ: പൂരം കാണാന്‍ എത്തുന്നവരെ തടയാന്‍ തേക്കിന്‍കാടിനു ചുറ്റും വേലികെട്ടിയടച്ചത് എന്തിനാണെന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല. ആളുകള്‍ക്ക് എവിടെനിന്നും പൂരപ്പറമ്പിലേക്കു കടക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഈ സൗകര്യം ഇല്ലാതാക്കിയാണ് ഗേറ്റുകളിലൂടെമാത്രം പ്രവേശനം ഒരുക്കിയത്. ഇതിനെല്ലാം പുറമേ സ്വരാജ് റൗണ്ടിലെ പലഭാഗത്തും ബാരിക്കേഡ് വച്ചും അടച്ചു. ജനങ്ങള്‍ക്കുപോലും നടക്കാന്‍ പറ്റാത്ത നിലയിലാണ് റൗണ്ടിൽ ബാരിക്കേഡ് വച്ച് അടച്ചത്.
സാധാരണ രാത്രി പൂരം കഴിഞ്ഞ് ആളുകള്‍ സ്വരാജ്റൗണ്ടിലൂടെ സ്വതന്ത്രരായി നടക്കാറുണ്ട്. അതെല്ലാം തടഞ്ഞ് രാത്രിയില്‍ ആരെയും നഗരത്തിലേക്കു പ്രവേശിപ്പിക്കാതിരിക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. അതെന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല.
പോലീസ് തുടക്കംമുതലേ പൂരം തകര്‍ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന പരാതിയുയർന്നിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനോ ഉത്തരവാദിത്വപ്പെട്ടവരോ ഇടപെട്ടില്ല എന്നതും ചോദ്യമുയർത്തുന്നു. എന്തായാലും പോലീസിനെ കയറൂരിവിട്ട മട്ടിലായിരുന്നു കാര്യങ്ങൾ. എന്തിനായിരുന്നു ഇതൊക്കെ എന്ന ചോദ്യത്തിന് പോലീസ് തന്നെ ഉത്തരം നൽകേണ്ടിവരും.
പാസുള്ളവരെയും തടഞ്ഞു
പൂരം നടത്തുന്ന സംഘാടകരെവരെ പോലീസ് തടഞ്ഞു. പോലീസ് പാസ് നല്‍കിയശേഷം അവര്‍തന്നെ കാര്പാസുള്ള സംഘാടകര്‍ സഞ്ചരിച്ച വാഹനം തടഞ്ഞതു സംഘര്‍ഷത്തിനു കാരണമായി. പാസുമായി വരുന്നവരെ ആരെയും കടത്തിവിടരുതെന്നു നിര്‍ദേശം നൽകിയതാരെന്ന ചോദ്യത്തിനും ഉത്തരമില്ല.
കഴിഞ്ഞ തവണ പാസുമായി എത്തിയവരെ തടഞ്ഞ അനുഭവമുള്ളതിനാൽ ഇത്തവണ അതുണ്ടാകരുതെന്നു പൂരം നടത്തിപ്പിനു മുമ്പു നടന്ന പല ചര്‍ച്ചകളിലും പോലീസിനോടു പറഞ്ഞിരുന്നു. അങ്ങനെ ചെയ്യില്ലെന്നു പറഞ്ഞിട്ടും ഇത്തവണയും പാസുമായി വന്നവരെ തടയുകയായിരുന്നു.