സ്വരാജ് റൗണ്ട്: ലെയ്ൻ ട്രാഫിക് നടപ്പായില്ല
1397178
Sunday, March 3, 2024 7:55 AM IST
തൃശൂർ: അപകടങ്ങൾ തുടർക്കഥയാകുന്പോഴും സ്വരാജ് റൗണ്ടിലെ ലെയ്ൻ ട്രാഫിക് സംവിധാനം നടപ്പായില്ല. മാർച്ച് ഒന്നുമുതൽ നടപ്പാക്കുമെന്നാണ് നഗരത്തിലെ ബസുടമകൾ, തൊഴിലാളിസംഘടനകൾ, ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ നടത്തിയ യോഗത്തിൽ തീരുമാനിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദേശ പ്രകാരമായിരുന്നു യോഗം. തേക്കിൻകാട് മൈതാനത്തോടു ചേർന്നുള്ള ട്രാക്ക് ഇരുചക്ര- ചെറുവാഹനങ്ങൾക്കും മറ്റു രണ്ടു ട്രാക്കുകൾ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കുമായി മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. രണ്ടു ദിവസം കഴിഞ്ഞിട്ടും ഇതു നടപ്പായില്ല.
ഇന്നലെയും വലിയ വാഹനങ്ങൾ നിരതെറ്റിച്ച് അമിതവേഗത്തിലാണ് ഓടിയത്. വേണ്ടത്ര പ്രചാരണം നൽകാത്തതും ട്രാക്കുകൾ വരയിട്ടു തിരിക്കാത്തതുമാണ് കാരണമെന്നാണു വിമർശനം. പരിഷ്കാരം നടപ്പാക്കാൻ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്ത ബസുടമകളും താത്പര്യം കാട്ടുന്നില്ലെന്ന വിമർശനവുമുണ്ട്. മുന്പ് സ്വരാജ് റൗണ്ട് ഹോണ്രഹിതമാക്കാൻ തീരുമാനിച്ചപ്പോൾ വ്യാപകപ്രചാരണം നൽകിയിരുന്നു. ഏറെനാൾമുന്പേ നഗരത്തിലെന്പാടും ബോർഡുകൾ സ്ഥാപിച്ചു. സ്റ്റുഡന്റ്സ് പോലീസിനെ ഉപയോഗിച്ച് ആവശ്യമായ മുന്നൊരുക്കം നടത്തി.
എന്നാൽ, അപകടങ്ങളുണ്ടാകുന്പോൾ ഉയരുന്ന വിമർശനങ്ങളിൽനിന്നു തലയൂരാനുള്ള നടപടി മാത്രമായി ഇത്തവണത്തെ ലെയ്ൻ ട്രാഫിക് പ്രഖ്യാപനം. അടുത്തിടെവരെ തൃശൂർ റൗണ്ടിലെ മൂന്നു ട്രാക്കുകളിൽ തേക്കിൻകാട് മൈതാനത്തോടുചേർന്നുള്ള ട്രാക്ക് ചെറുവാഹനങ്ങൾക്കായി നീക്കിവച്ചിരുന്നു. ഇത് ഇടക്കാലത്തു നിർത്തലാക്കി.
വലിയ വാഹനങ്ങളുടെ തള്ളിക്കയറ്റം ചെറുവാഹനങ്ങൾക്കു ഭീഷണിയാണ്. നിരവധി അപകടങ്ങളുമുണ്ടായി. ഏതാനും മാസങ്ങൾക്കുമുന്പ് നായ്ക്കനാലിൽ സിഗ്നൽകണ്ടു നിർത്തിയ സ്കൂട്ടറിനുപിന്നിൽ ബസ് ഇടിച്ച് അധ്യാപിക മരിച്ചു. രണ്ടുമാസംമുന്പ് ബാനർജി ക്ലബ്ബിനുമുന്പിൽ ബസിടിച്ച് ഗുരുവായൂർ സ്വദേശിനിയും രണ്ടാഴ്ചമുന്പ് മറ്റൊരു സ്ത്രീയും റൗണ്ടിൽ ബസ് കയറി കൊല്ലപ്പെട്ടു. ബിനി ടൂറിസ്റ്റ് ഹോമിനോടു ചേർന്നു വടക്കേ സ്റ്റാൻഡിലേക്കു പോകുന്ന ബസുകൾ അപകടകരമായ രീതിയിലാണു തിരിയുന്നത്. റോഡിന്റെ വലതുഭാഗത്തുകൂടി ഓടിച്ചശേഷം പെട്ടെന്ന് ഇടത്തേക്കു തിരിയുന്നതു ചെറുവാഹനങ്ങൾക്കും റോഡ് മുറിച്ചുകടക്കുന്നവർക്കും അപകടമുണ്ടാക്കും. തെക്കേനടയ്ക്കു സമീപം കോർപറേഷൻ ഓഫീസിന്റെ ഭാഗത്തേക്കു ബസുകൾ തിരിയുന്പോഴും സമാനസ്ഥിതിയാണ്.
സ്വന്തം ലേഖകൻ