ഗുരുവായൂർ ദേവസ്വം ഗജമുത്തശി താര ചരിഞ്ഞു
1374323
Wednesday, November 29, 2023 2:14 AM IST
ഗുരുവായൂർ: ദേവസ്വത്തിന്റെ ഗജമുത്തശി ഇന്നലെ രാത്രി ഏഴിനു താര ചരിഞ്ഞു. 90 വയസിലേറെ പ്രായം കണക്കാക്കുന്നു. പ്രായാധിക്യം കാരണം അവശനിലയിലായിരുന്നു. തീറ്റയെടുക്കുന്നതിനും ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു.
ഡോക്ടർമാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. രണ്ടു വർഷത്തിലേറെയായി ആന കിടന്നിരുന്നില്ല. തടി ഉപയോഗിച്ച് താങ്ങിനിർത്തിയ നിലയിലാണ് ആനയെ പരിചരിച്ചിരുന്നത്.
പ്രായാധിക്യമായതോടെ വർഷങ്ങളായി എഴുന്നള്ളിപ്പിന് അയയ്ക്കുന്നത് നിർത്തലാക്കിയിരുന്നു. കെ.ബി. മോഹൻദാസ് ചെയർമാനായിരുന്ന കഴിഞ്ഞ ഭരണസമിതി രണ്ടര വർഷം മുൻപ് ഗജദിനത്തിൽ ക്ഷേത്രനടയിൽവച്ച് ഗജമുത്തശിപ്പട്ടം നൽകി ആദരിച്ചിരുന്നു.
ഗജരാജൻ കേശവൻ, ഗജരത്നം പത്മനാഭൻ എന്നീ ആനകൾക്കൊപ്പം എഴുന്നള്ളിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി വർഷം ഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിന് തിടമ്പേറ്റിയ ആനയാണ്. നിരവധി വർഷം ആനയോട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.
കമല സർക്കസ് ഉടമ കെ. ദാമോദരൻ 1957 മേയ് ഒൻപതിനാണു ക്ഷേത്രത്തിൽ നടയിരുത്തിയത്. ആനയെ ഇന്നു കോടനാടെത്തിച്ച് സംസ്കരിക്കും.താര ചരിഞ്ഞതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 40 ആയി.