ലത്തീൻസമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം: ബിഷപ് വടക്കുംതല
1373737
Monday, November 27, 2023 2:02 AM IST
മാല്യങ്കര: ലത്തീൻസമുദായത്തോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നു കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. അലക്സ് വടക്കുംതല. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നടന്ന ജനജാഗരം - മാല്യങ്കര തീർഥാടന പരിപാടികളോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മാല്യങ്കര സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി. കോശി കമ്മീഷന്റെ ശിപാർശകൾ വേഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടികളൂടെ ജനറൽ കണ്‍വീനർ മോണ്‍. ഡോ. ആന്റണി കുരിശിങ്കൽ, കെആർഎൽസിസി അത്മായ കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറിയും കഐൽസിഎ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഷെറി ജെ. തോമസ്, കെആർഎൽസിസി ജനറൽ സെക്രട്ടറിയും കെആർഎൽസിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായ ഫാ. തോമസ് തറയിൽ, ചെട്ടികാട് റെക്ടർ റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി, കെഎൽസിഎ രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ, കെസിവൈഎം രൂപത പ്രസിഡന്റ് പോൾ ജോസ്, കെഎൽസിഡബ്ലിയുഎ രൂപത പ്രസിഡന്റ് റാണി പ്രദീപ്, സിഎസ്എസ് രൂപത പ്രസിഡന്റ് ജിസ്മോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. രൂപതയുടെ അഞ്ചു ഫൊറോനകളിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്തു.
മാല്യങ്കരയിലെ ഭാരത പ്രവേശന ദേവാലയത്തിൽ ഭാരത പ്രവേശന തിരുനാളും നടന്നു. ആഘോഷമായ തിരുനാൾ ദിവ്യബലിക്കു മോണ്‍. ഡോ. ആന്റണി കുരിശിങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ.നോയൽ കുരിശിങ്കൽ വചന സന്ദേശം നൽകി . ഉൗട്ടു നേർച്ച ആശിർവാദവും വിതരണവും നടന്നു.
ചരിത്രപ്രസിദ്ധമായ മാല്യങ്കര തീർഥാടനത്തിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള ആയിരകണക്കിന് തീർഥാടകർ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലും മുനന്പം തിരുകുടുംബ ദേവാലയത്തിലും മാല്യങ്കര കോളജ് പരിസരത്തും ഒത്തുചേർന്ന് പേപ്പൽ പതാകകളേന്തി കാൽനടയായി മാല്യങ്കരയിലെത്തി. ക്രൈസ്തവ കലാരൂപങ്ങളായ മാർഗംകളിയും ചവിട്ടുനാടകവും മാല്യങ്കരയുടെ ചരിത്ര നാൾവഴികളുടെ നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും തീർഥാടനത്തെ വർണാഭമാക്കി.
തീർഥാടക സംഘങ്ങളെ കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ടേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, പരിപാടികളുടെ ജനറൽ കണ്‍വീനർ മോണ്‍. ഡോ. ആന്റണി കുരിശിങ്കൽ, റെക്ടർ റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കണ്‍വീനർമാരായ ഫാ.ജോസ് കോട്ടപ്പുറം, ഫാ. ജോജോ പയ്യപ്പിള്ളി, ഫാ. മിഥുൻ മെന്റസ്, ചെട്ടിക്കാട് സഹവികാരി ഫാ. എബ്നേസർ ആന്റണി കാട്ടിപ്പറന്പിൽ എന്നിവർ ചേർന്നു സ്വീകരിച്ചു.