കാട്ടുപന്നിയെ പിടികൂടി
1339888
Monday, October 2, 2023 1:08 AM IST
വെങ്കിടങ്ങ്: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് നിന്നും കാട്ടുപന്നിയെ പിടികൂടി. കണ്ണോത്ത് നെടുങ്ങാട്ട് വീട്ടിൽ സുഭാഷ് ഭാര്യ ജയന്തിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ നാട്ടുകാരായ യുവാക്കൾ വടംകെട്ടി അതിസാഹസികമായി പിടികൂടുകയായിരുന്നു.
കണ്ണോത്ത് മേഖലയിൽ ഏറെ നാളുകളായി കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ട്. കൊള്ളി, ചേമ്പ്, വാഴ, തുടങ്ങി പച്ചക്കറി കൃഷികളെല്ലാം വ്യാപകമായി കാട്ടുപന്നി കൂട്ടങ്ങൾ നശിപ്പിച്ചു വരികയായിരുന്നു. നാട്ടുകാർ കൃഷിവകുപ്പിലും വെങ്കിടങ്ങ് പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. കാട്ടുപന്നിയെ പിടികൂടിയ വിവരം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്
പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.ബി. ദിലീപ്, വാച്ചർ പി.ദിനേശൻ, റസ്ക്യു വാച്ചർമാരായ പി.ആർ.അജീഷ്, ടി.വി. ശ്രീകുട്ടൻ എന്നിവർ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം കാട്ടു പന്നിയെ കൂട്ടിലാക്കി കൊണ്ടുപോയി. പട്ടിക്കാട് റേഞ്ചിന് കീഴിലുള്ള വനമേഖലയിൽ പന്നിയെ തുറന്നു വിടുമെന്ന് അധികൃതർ വ്യക്തമാക്കി.