ഒറ്റയാൻ യാത്ര തുടങ്ങിയിട്ട് അഞ്ചുവർഷം ആനവണ്ടിയുടെ വിജയയാത്ര ആഘോഷമാക്കി യാത്രക്കാർ
1339578
Sunday, October 1, 2023 2:25 AM IST
ചാലക്കുടി: അതിരപ്പിള്ളി- മലക്കപ്പാറ കാനനപാതയിലോടുന്ന ആനവണ്ടിയുടെ വിജയകരമായ യാത്രയുടെ അഞ്ചാം വാർഷികം ആഘോഷമാക്കി ചാലക്കുടി പാസഞ്ചേഴ്സ് ഫോറം.
ഒറ്റയാനെന്നു പേരിട്ടു സ്റ്റിക്കറും അലങ്കാരങ്ങളും ചാർത്തിയ വണ്ടിക്കു നിരവധി ആരാധകരുണ്ട്. ഒരു ദിവസം പോലും കാലിയായി ഓടേണ്ടിയും വന്നിട്ടില്ല. മലക്കപ്പാറയിലെ വനം വകുപ്പിലെയും പോലീസിലെയും ഉദ്യോഗസ്ഥർക്കു വൈകിട്ട് ചാലക്കുടിക്ക് മടങ്ങാൻ മാർഗമില്ലെന്നറിയിച്ചപ്പോൾ കെ എസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബർ 30ന് ഒറ്റയാനെ നിരത്തിലിറക്കിയത്.
നിബിഡ വനത്തിലൂടെയുള്ള യാത്രയും യാത്രക്കിടയിൽ ആനയും മാനും കാട്ടുപോത്തും അടക്കമുള്ള വന്യ മൃഗങ്ങളെയുംകണ്ട് അതിരപ്പിള്ളിയും വാഴച്ചാലും ചാർപ്പയും ആസ്വദിച്ച് പോക്കറ്റ് കാലിയാവാതെ ഒരു ദിവസം കൊണ്ടൊരു വിനോദയാത്ര തരപ്പെടുമെന്നതിനാൽ നാട്ടുകാരും ഒറ്റയാനെ ഏറ്റെടുത്തു.
ഇന്ന് ചാലക്കുടി ഡിപ്പോയിൽ ഏറ്റവും ലാഭത്തിലോടുന്ന സർവീസുമാണിത്. ആനകളുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒറ്റയാനെ ആക്രമിച്ചിട്ടില്ല. ചാലക്കുടി ഡിപ്പോയിൽനിന്നു മലക്കപ്പാറയിലേക്കു മറ്റു സർവീസുകളുണ്ടെങ്കിലും രാത്രി കാട്ടിലൂടെ ചാലക്കുടിയിലേക്കു യാത്ര ചെയ്യുന്ന ഏക ബസാണ് ഒറ്റയാൻ.
ഉച്ചക്ക് 12.50ന് ചാലക്കുടിയിൽനിന്നു പുറപ്പെട്ടു 4.40ന് മലക്കപ്പാറയിലെത്തും. 05.10ന് പുറപ്പെട്ട് രാത്രി 8.50ന് ചാലക്കുടിയിലെത്തുന്ന രീതിയിലാണു സമയം. അഞ്ചാം വാർഷികം ഒറ്റയാന്റെ ആരാധകർ കെ എസ്ആർടിസി ഡിപ്പോയിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ കെ. എസ്. ഹരി, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ റഷീദ്, പാസഞ്ചർഫോറം പ്രസിഡന്റ് സുധീപ് മംഗലശേരി, സെക്രട്ടറി കെ.ബി. ദിലീപ്, ട്രഷറർ അനന്തു, പി. എം. വിപിൻ, കെ.എ. അഭിജിത് എന്നിവർ നേതൃത്വം നൽകി. മലക്കപ്പാറയിൽ പാസഞ്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പായസ വിതരണവും ഉണ്ടായിരുന്നു.