കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
1339329
Saturday, September 30, 2023 12:46 AM IST
കയ്പമംഗലം: പെരിഞ്ഞനം, ശ്രീനാരായണപുരം, കയ്പമംഗലം, മതിലകം ഉൾപ്പെടെയുള്ള തീരദേശ പഞ്ചായത്തുകളിൽ കനത്ത മഴ തുടരുന്നു.
മതിലകം പഞ്ചായത്തിലെ സി.കെ. വളവ്, പാപ്പിനിവട്ടം, കഴുവിലങ്ങു, എമ്മാട്, കൂളിമുട്ടം, ഒന്നാം കല്ല് , കിടുങ്ങു തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മേഖലയിലെ തോട് നിറഞ്ഞുകവിഞ്ഞു. ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലും ഗോതുരുത്ത് ഉൾപ്പടെയുള്ള ചില ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. നിർദിഷ്ട ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുഴയിലേക്കുള്ള പല തോടുകളും അധികൃതർ അടച്ചതുകൊണ്ട് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിലുള്ള സാഹചര്യം മൂലം നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പല ഗ്രാമീണ റോഡുകളിലും കാനകൾ കവിഞ്ഞൊഴുകി വെള്ളം റോഡുകളിൽ പരന്നൊഴുകുന്ന സ്ഥിതിയാണ്.
പെരിഞ്ഞനം പഞ്ചായത്തിലെ കുറ്റിലക്കടവ്, പൊന്മാനിക്കുടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. എടത്തിരുത്തി പഞ്ചായത്തിലെ ചൂലൂർ, പഞ്ചായത്ത് സാംസ്കാരിക നിലയം പരിസരം തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുകയാണ്. മതിലകം പഞ്ചായത്തിലെ ഒന്നാം കല്ല് - സി.കെ. വളവ് റോഡ് വെള്ളത്തിൽ മുങ്ങി. എസ്.എൻ. പുരം പഞ്ചായത്തിലെ പല റോഡുകളുടെയും അവസ്ഥ വിഭിന്നമല്ല. ഇതുമൂലം കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ദുരിതത്തിലായി. റോഡിലെ കുഴികൾ കാണാത്തതു മൂലം അപകട സാധ്യതയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
കയ്പമംഗലം പഞ്ചായത്തിലെ കാളമുറി കിഴക്കും, എടത്തിരുത്തിയിൽ ചെന്ത്രാപ്പിന്നി മേഖലയിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നു. തുടർച്ചായി പെയ്യുന്ന മഴയിൽ പെയ്തു വെള്ളം ഒഴുകിപോകാനുള്ള മാർഗങ്ങൾ ഇല്ലാത്തതും തോടുകൾ പലതും മാലിന്യം നിറഞ്ഞതും പ്രശ്നം ഗൗരവമാക്കി. നിലവിൽ നിരവധി വീടുകളുടെ മുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ദേശീയ പാത 66 മതിൽമൂല ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾ പെടാതെ പോകുവാൻ ശ്രമിക്കുമ്പോൾ അപകട സാധ്യതക്കും വഴിവെക്കുന്നു. പ്രസ്തുത ഭാഗത്തു വളവായതു കൊണ്ട് അതിവേഗത്തിൽ വരുന്ന വാഹനങ്ങളെ കാണുവാൻ സാധിക്കില്ല. ദേശീയപാത കയ്പമംഗലം മേഖലയിലും വെള്ളക്കെട്ടുണ്ട്.
കുറ്റിച്ചിറ: പാലം ജംഗ്ക്ഷനിൽ മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമായി. കുറ്റിച്ചിറ ജംഗ്ക്ഷനിൽ മഴ ആരംഭിച്ചാൽ റോഡിൽ വെളളം പൊങ്ങുന്നത് പതിവ് കാഴ്ചയാണ്.
ഇതുമൂലം കാൽനട യാത്രക്കാരും വിദ്യാർഥികളും സമീപത്തെ കച്ചവടക്കാരും ബുദ്ധിമുട്ടുന്നു. വെളളം ഒഴുകിപോകുന്നതിന് രണ്ടു ഭാഗത്തും കാന നിർമിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.
മാള: ശക്തമായ മഴയെ തുടർന്ന് പുത്തൻചിറ പിണ്ടാണിയിൽ കരിങ്കൽ ഭിത്തി തകർന്ന് മണ്ണിടിഞ്ഞ് വീണു.
ഗോസായി രമേശന്റെ വീടിന്റേയും തെക്കേടത്ത് രാജീവന്റേയും പറമ്പിന്റെ ഭാഗമാണ് ഇന്നലെ 11 മണിയോടെ ഇടിഞ്ഞ് വീണത്. ശക്തമായ മഴയിൽ കരിങ്കൽ ഭിത്തി തകരുകയും തൊട്ടടുത്ത് പണി പൂർത്തികരിച്ച് കൊണ്ടിരിക്കുന്ന തെക്കേടത്ത് മിഥുന്റെ വിടിന്റെ അടുക്കള ഭാഗത്തേക്ക് വിഴുകയുമായിരുന്നു. സംഭവ സമയം ആരും സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായ മൊഴിവായി.