സഹകരണ ബാങ്കുകളെ അപഹരണ ബാങ്കുകളാക്കുന്നു: എം.എം. ഹസന്
1338157
Monday, September 25, 2023 1:38 AM IST
തൃശൂര്‍: പിണറായി വിജയന്റെ ഭരണത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ അപഹരണ ബാങ്കുകളായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.
500 കോടിയില്‍പരം രൂപയുടെ അഴിമതിയാണ് കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ ഉണ്ടായിട്ടുള്ളത്. ഡിസിസിയില്‍ യുഡിഎഫ് സ്പെഷല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഇടതുപക്ഷത്തിന്റെ മുഖമുദ്രയാക്കിയിരിക്കുന്നു. മാസങ്ങളായി സംസ്ഥാനത്തു നടക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിച്ചത് നിപ്പയെ പേടിച്ചാണ്. 21 മന്ത്രിമാരുമായി കെഎസ്ആര്‍ടിസി ബസില്‍ ജനങ്ങളെ കാണാന്‍ യാത്രതിരിക്കുന്ന മുഖ്യമന്ത്രി പട്ടിണിയും വറുതിയും അനുഭവിക്കുന്ന ജനങ്ങളുടെ മുന്നില്‍ സ്വയം അപഹാസ്യനാവുകയാണ്.
ഒന്നാംതീയതി ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ബസിന്റെ ഡ്രൈവര്‍ ഓട്ടംനിര്‍ത്തി പോയാല്‍ അത്ഭുതപെടേണ്ടതില്ലെന്നും എം.എം. ഹസന് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി. വിന്‍സന്റ് അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, ജില്ലാ കണ്‍വീനര്‍ കെ.ആര്. ഗിരിജന്‍, സി.എച്ച്. റഷീദ്, തോമസ് ഉണ്ണിയാടന്, ടി.വി. ചന്ദ്രമോഹന്, അനില്‍ അക്കര, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, എം. പി. ജോബി, ജോസഫ് ടാജറ്റ്, രാജേന്ദ്രന് അരങ്ങത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.