ക്ഷീരമേഖലയിൽ സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ചിഞ്ചുറാണി
1296663
Tuesday, May 23, 2023 12:43 AM IST
തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കർഷകരുടെയും മിൽമയുടെയും സഹകരണത്തോടെ കേരളത്തിലെ ക്ഷീരകർഷകർക്കായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മിൽമ എറണാകുളം മേഖലാ യൂണിയനെ പ്രോമിസിംഗ് മിൽക്ക് യൂണിയനായി ദേശീയ ക്ഷീരവികസന ബോർഡ് തെരഞ്ഞെടുത്തതിന്റെ ഭാഗമായി നടപ്പാക്കുന്ന എട്ടുകോടി രൂപയുടെ പദ്ധതിയിൽ 20,000 ക്ഷീര കർഷകർക്ക് 10 ലിറ്റർ പാൽകൊള്ളുന്ന സ്റ്റീൽ ക്യാനുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദേശീയ ക്ഷീരവികസന ബോർഡ് വഴി കേന്ദ്ര ഗവണ്മെന്റിൽ നിന്നും ക്ഷീരമേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എംപി ഹെൽപ് ടു ഫാർമേഴ്സ് പദ്ധതികളുടെ വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. ദേശീയ വികസന ബോർഡ് ചെയർമാൻ മീനേഷ്. സി. ഷാ സന്ദേശം നൽകി. മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ, മാനേജിംഗ് ഡയറക്ടർ വിൽസണ്‍. ജെ. പുറവക്കാട്ട്, കോർപറേഷൻ കൗണ്‍സിലർമാരായ എൻ.വി. രാധിക, സതീഷ്കുമാർ, മിൽമ സംസ്ഥാന ഭരണസമിതി അംഗങ്ങളായ ഭാസ്കരൻ ആദംകവിൽ, താര ഉണ്ണികൃഷ്ണൻ, കെ.കെ. ജോണ്സണ്, ജോണി ജോസഫ്, മിൽമ മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങളായ ജോണ്‍ തെരുവത്ത്, ഷാജു വെളിയൻ, ടി.എൻ. സത്യാൻ, സോണി ഈറ്റക്കൽ, ജോമോൻ ജോസഫ്, പി.എസ്. നജീബ്, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.