സഹായ അപേക്ഷ ചുവപ്പുനാടയില്: വീടിന്റെ മേൽക്കൂര തകർന്നുവീണു
1283434
Sunday, April 2, 2023 12:54 AM IST
ആൽപ്പാറ: അപകടാവസ്ഥയിലായിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണു. കന്പനിപ്പടി സമന്യനഗറിൽ അക്കരക്കാരൻ തങ്ക(71)യുടെ വീടാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ മേൽക്കൂര തകർന്ന് നിലംപൊത്തിയത്.
വീടിനകത്തുള്ള ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തങ്ക വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും വീട് തകരുന്നത് കണ്ട സമീപത്ത് ഉണ്ടായിരുന്നവർ വിളിച്ചുപറഞ്ഞതുകേട്ട് പുറത്തേക്ക് ഒടിയതിനാൽ വലിയ ദുരന്തം ഒഴിവായി. 2018ലെ പ്രളയത്തിൽ വീടിന് തകർച്ച നേരിട്ടു. മണ്കട്ടകൊണ്ട് നിർമിച്ച ഭിത്തി പലയിടത്ത് വീണ്ടുകീറി നിൽക്കുകയായിരുന്നു. പ്രളയക്കെടുതിയുടെ ഭാഗമായി കളക്ടർക്ക് നൽകിയ അപേക്ഷയെ തുടർന്ന് 10, 000 രൂപ അനുവദിച്ചിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾക്ക് അത് തികയുമായിരുന്നില്ല. വീട് പുനർനിർമിക്കാൻ സഹായം അഭ്യർഥിച്ചുകൊണ്ട് പാണഞ്ചേരി പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ജില്ലാ കളക്ടർക്കുമെല്ലാം തങ്ക അപേക്ഷ നൽകിയിരുന്നു. എസ്സി വിഭാഗത്തിൽ ഉൾപ്പെടുന്നതാണെങ്കിലും സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് വീടിനുള്ള തങ്കയുടെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി കെ. രാജനും പരാതി നൽകിയിരുന്നു. ഭർത്താവ് മരിച്ചുപോയ തങ്കയും വിധവയായ മകൾ കുമാരിയും ആണ് ഇപ്പോൾ ഈ വീട്ടിൽ താമസം. ലോണെടുത്തു വാങ്ങിയ പശുവിനെ വളർത്തിയാണ് തങ്ക ഉപജീവനം കഴിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലും തങ്കയ്ക്ക് വീട് ലഭിക്കില്ല. സ്വന്തമായുള്ള ഭൂമി ഈടുവെച്ച് മകളുടെ വിവാഹത്തിന് സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. വിവരമറിഞ്ഞ് വാർഡ് മെന്പർ സുശീല രാജൻ സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി.
വീടിനുവേണ്ടി മുന്പ് നൽകിയ അപേക്ഷകളും നിലവിലെ സാഹചര്യങ്ങളും വ്യക്തമാക്കി പാണഞ്ചേരി പഞ്ചായത്തിലും ജില്ലാ കളക്ടർക്കും മന്ത്രിക്കും വീണ്ടും അപേക്ഷ നൽകി അടിയന്തര പരിഹാരം കാണാനുമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വാർഡ് മെന്പർ പറഞ്ഞു.