കോപ്ലിപ്പാടത്ത് ചുഴലി; വ്യാപക നാശം
1280990
Saturday, March 25, 2023 11:37 PM IST
വെള്ളിക്കുളങ്ങര: ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശം. നിരവധി നേന്ത്രവാഴകളും തെങ്ങ്. ജാതി, പ്ലാവ്, മാവ്, തേക്ക്, അടയ്ക്കാമരം തുടങ്ങിയ വൃക്ഷങ്ങളും കാറ്റിൽ ഒടിഞ്ഞു നശിച്ചു. വൈദ്യുതി ലൈനിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനെ തുടർന്ന് മേഖലയിൽ വൈദ്യുതി വിതരണവും നിലച്ചു.
കോപ്ലിപ്പാടം, കടന്പോട്, കൊ ടുങ്ങ പ്രദേശങ്ങളിലാണു വേനൽമഴക്കൊപ്പം ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കോപ്ലിപ്പാടം പ്രദേശത്തുമാത്രം ആയിരത്തിലേറെ നേന്ത്രവാഴകൾ കാ റ്റിൽ ഒടിഞ്ഞുവീണു. കോപ്ലിപ്പാടം കരുമത്തിൽ രാധ ശശിയുടെ നാനൂറോളം വാഴകളും പേഴേരി ഉണ്ണികൃഷ്ണന്റെ 235 വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. പേഴേരി സുരേഷ്, മേക്കാടൻ മത്തായി, ഞാറേക്കാടൻ റോസിലി, വെട്ടിയാടൻ മനു തുടങ്ങിയവരുടെ നിരവധി വാഴകളും നശി ച്ചിട്ടുണ്ട്.
സമീപ പ്രദേശമായ കന്പോട്, കൊടുങ്ങ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. കൊടുങ്ങയിലെ മാഞ്ഞൂക്കാരൻ ഡേവിസിന്റെ വീടിനോടു ചേർന്നുള്ള ഷെഡ് തെങ്ങ് വീണ് തകർന്നു. തോപ്പിലാൻ പൈലന്റെ വീടിനു മുകളിലും മരം വീണു. കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മുൻഭാഗത്തെ ഗ്ലാസ് കാറ്റിൽ തകർന്നു. സമീപമുള്ള സ്വകാര്യ സ്ഥാപനത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി.
കൊടുങ്ങ ആശാൻപടി ജംഗ് ഷനിൽ തെങ്ങ് ഒടിഞ്ഞ് മിനിലോറിക്കു മുകളിലേക്കു വീണു. മോനൊടി ശ്രീ ധർമശാസ്താ ക്ഷേത്രത്തിനു മുൻവശത്തുള്ള ആൽമരത്തിന്റെ കൊന്പ് കാറ്റിൽ ഒടിഞ്ഞുവീണു.
മഴയിൽ വെള്ളിക്കുളങ്ങരയിൽ ആലിപ്പഴം വീണു. മൂന്നുമാസം കൂടി കഴിഞ്ഞാൽ വിളവെടുപ്പിനു പാകമാവുന്ന വാഴകളാണ് കാറ്റിൽ നശിച്ചിട്ടുള്ളവയിൽ ഏറെയും. കാർഷിക വായ്പയെടുത്ത് കൃഷി ഇറക്കിയ കർഷകർക്കു വേനൽമഴയും കാറ്റും കനത്ത പ്രഹരമാണ് ഏല്പിച്ചിട്ടുള്ളത്. ഓണത്തിനു മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കൃഷി ചെയ്ത വാഴകളും കാറ്റിൽ നശിച്ചിട്ടുണ്ട്. കൃഷി നാശം നേരിട്ടവർക്ക് അർഹമായ ധനസഹായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.