ചെല്ലാനത്ത് ‘മത്തി ചാകര’
1602143
Thursday, October 23, 2025 5:00 AM IST
കുട്ട കിട്ടാനില്ലെന്ന് മത്സ്യത്തൊഴിലാളികൾ
ഫോർട്ടുകൊച്ചി: ചെല്ലാനം ഹാർബറിൽ മത്തി ചാകര. ടൺകണക്കിന് മത്തിയാണ് ഈ ദിവസങ്ങളിൽ ചാകരയായി ലഭിച്ചത്. 10 സെന്റീമീറ്റർ നീളമുള്ള ചാളയാണ് ലഭിക്കുന്നത്. മത്സ്യലഭ്യത വർധിച്ചതോടെ നിറയ്ക്കാനുള്ള പ്ലാസ്റ്റിക് കുട്ട ലഭിക്കാത്തതിനാൽ ഹാർബറിൽ മണിക്കൂറോളം സ്തംഭനത്തിലുമായി.
40 കിലോഗ്രാം തൂക്കം ഭാരമുള്ള കുട്ടകളിലാണ് ബോട്ടിലിൽനിന്നും മത്തി ഹാർബറിൽ നിരത്തുന്നത്. ഒരുകിലോഗ്രാം 25 രൂപയ്ക്കാണ് കച്ചവടം ഉറപ്പിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷത്തിലാണ് മത്സ്യ ചാകര വരുന്നത്. ആവശ്യത്തിലേറെ മത്തി കിട്ടുന്നതിനാൽ മത്സ്യം പൊടിക്കാനായി കൊണ്ടുപോകാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഹാർബർ സജീവമായതോടെ വാഹനങ്ങളുടെ വരവും കൂടിയിട്ടുണ്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ യാത്രാക്ലേശവും രൂക്ഷമാണ്.
ഹാർബറിലേക്കുള്ള റോഡ് അടിയന്തരമായി നന്നാക്കി മത്സ്യത്തൊഴിലാളികൾക്ക് കച്ചവടം നടത്താനുള്ള അവസരം ഉണ്ടാക്കി തരണമെന്ന് മത്സ്യത്തൊഴിലാളിയായ ഒ.എഫ്. സെബാസ്റ്റ്യൻ പറഞ്ഞു.