മദ്യലഹരിയില്‍ ഡ്രൈവിംഗ് : മറ്റു വാഹനങ്ങളിൽ ഇടിച്ച ആഡംബര കാർ പിടികൂടി
1602142
Thursday, October 23, 2025 5:00 AM IST
കൊച്ചി: മദ്യലഹരിയില്‍ യുവാവ് ഓടിച്ച ആഡംബര കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിനു ശേഷവും യാത്രതുടർന്ന യുവാവിനെ പോലീസ് പിന്തുടര്ന്ന് പിടികൂടി. എറണാകുളം രവിപുരത്ത് ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ കൊട്ടാരക്കര സ്വദേശി നിജീഷ് ഓടിച്ച ആഡംബര കാറാണ് അപകടത്തിനു വഴിവച്ചത്. അപകടത്തില്‍ ആളപായമില്ല.
നിജീഷിന്റെ വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകള്‍ക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ടയറടക്കം തകര്‍ന്നിട്ടും നിജീഷ് നിര്‍ത്താതെ മുന്നോട്ടുപോയി. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ആളുകളും പോലീസും പിന്നാലെയെത്തിയാണ് ഇയാളെ പിടികൂടിയത്.
സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത നിജീഷിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.