കുമിൾരോഗം ബാധിച്ച് കോതമംഗലം താലൂക്കിൽ ഇഞ്ചികൃഷി നശിക്കുന്നു
1602107
Thursday, October 23, 2025 4:06 AM IST
കാരണം വായുവിൽക്കൂടി പകരുന്ന പൈറിക്കുലാറിയ കുമിൾ
കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കുമിൾ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നു. തീവ്ര വ്യാപന ശേഷിയുള്ളതും വായുവിൽക്കൂടി പകരുന്നതുമായ പൈറിക്കുലാറിയ കുമിൾ രോഗമാണ് ഇഞ്ചികൃഷിയെ ബാധിച്ചിരിക്കുന്നത്. താലൂക്കിൽ ഏക്കര്‍ കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് മൊത്തമായി നശിച്ചിട്ടുള്ളത്. കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് പഞ്ചായത്തുകളിലാണ് രോഗവ്യാപനം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
പ്രദേശത്തെ കൃഷി ഉദ്യോഗസ്ഥരും കർഷകരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയാമോൾ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. തുടർന്ന് ഓടക്കാലി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ എത്തിച്ച് നടത്തിയ പഠനത്തിലാണ് പൈറിക്കുലാറിയ രോഗം ആണെന്ന് സ്ഥിരീകരിച്ചത്. ഇഞ്ചിയുടെ ഇലയില്‍ പുള്ളിക്കുത്തുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അതിവേഗം തണ്ടിലേക്ക് വ്യാപിച്ച് കരിഞ്ഞ് അഴുകും.
മരുന്ന് പ്രയോഗം വൈകിയാൽ ഫലമില്ല
രോഗവ്യാപനം കണ്ടെത്തിയാല്‍ ഉടനടി മരുന്ന് പ്രയോഗം നടത്തണം. വൈകിയാല്‍ ഫലമുണ്ടാകില്ല. തുടക്കത്തിലെ മരുന്ന് ചെയ്യാന്‍ കഴിയാതിരുന്ന കൃഷികളാണ് നശിച്ചിട്ടുള്ളത്. പൈറിക്കുലാറിയ രോഗം നെല്ല്, ഗോതമ്പ് തുടങ്ങിയ മറ്റു പല വിളകളേയും ബാധിക്കാറുണ്ടെങ്കിലും ഇഞ്ചി കൃഷിയെ ഇത്ര വ്യാപകമായി പിടികൂടുന്നത് ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണ്.
പ്രതിവിധിയുണ്ട്
പ്രതിവിധിയായി പ്രോപ്പിക്കോണസോൾ ലിറ്ററിന് ഒരു എംഎൽ, ടെബുകോണസോൾ 1.5 എംഎൽ, കാർബൻഡാസിം രണ്ട് ഗ്രാം, സാഫ് രണ്ട് ഗ്രാം എന്നീമരുന്നുകൾ കൃത്യമായ അനുപാതത്തിൽ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുവാനാണ് കൃഷിവകുപ്പ് അധികൃതർ നിർദേശിക്കുന്നത്.
ഇഞ്ചിവിത്ത് നടുന്നതിന് മുൻപ് കുമിൾനാശിനി ഉപയോഗിച്ച് പരിപാലനം നടത്തുന്നത് രോഗം വരാതിരിക്കാൻ സഹായകമാണ്.
ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം സാഫ് ചേർത്ത് ലായനി ഉപയോഗിക്കാവുന്നതാണ്. നടുമ്പോൾ നീർവാർച്ച ഉറപ്പാക്കണം. കൂടാതെ ട്രൈക്കോഡർമ ചേർത്ത് സമ്പുഷ്ടികരിച്ച ചാണകപ്പൊടി ഉപയോഗിക്കുന്നതും രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായകമാണ്. ഇഞ്ചി നട്ട് നാലുമാസം കഴിയുമ്പോൾ രോഗ പ്രതിരോധത്തിനായി ഏതെങ്കിലും കമിൾനാശിനി ഉപയോഗിക്കുന്നതും രോഗ പ്രതിരോധത്തിന് സഹായിക്കുന്നു.
രോഗ ലക്ഷണം കാണുമ്പോൾ തന്നെ രോഗബാധയുള്ള ഭാഗങ്ങൾ നീക്കം ചെയ്ത ശേഷം ശേഷം കുമിൾനാശിനി പ്രയോഗം നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു.
കോതമംഗലം താലൂക്കിലും സമീപ താലൂക്കുകളിലും വ്യാവസായികാവശ്യങ്ങൾക്കും, വീട്ടാവശ്യങ്ങൾക്കും നടത്തിയിട്ടുള്ള ഇഞ്ചികൃഷിയിൽ രോഗവ്യാപനം ഉണ്ടായിട്ടുള്ളതായാണ് അറിയുന്നത്. കൃഷി നാശം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വികരിക്കണമെന്നാണ് കർഷകരുടെ ആവശ്യം