തദ്ദേശ തെരഞ്ഞെടുപ്പ് : സീറ്റ് കിട്ടുമോ, സീറ്റ്...
1602138
Thursday, October 23, 2025 5:00 AM IST
പശ്ചിമകൊച്ചിയിൽ പുരുഷന്മാരുടെ നെട്ടോട്ടം
ഫോർട്ടുകൊച്ചി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിലെ പശ്ചിമകൊച്ചി മേഖലയിലെ ഭൂരിഭാഗം ഡിവിഷനുകളും സ്ത്രീ സംവരണമായതോടെ സീറ്റില്ലാതെ വലയുകയാണ് പുരുഷന്മാര്. കൊച്ചി നഗരസഭയിലെ 76 ൽ 30 ഡിവിഷനുകളുള്ള പശ്ചിമ കൊച്ചിയിൽ 18 ഡിവിഷനുകൾ സ്ത്രീ സംവരണത്തിലാണ് . അതിലൊന്ന് പട്ടികജാതി സ്ത്രീ സംവരണവും.12 സീറ്റുകളാണ് ജനറൽ വിഭാഗത്തിലുള്ളത്. ഇത് മുന്നണി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നഗരസഭയിലെ 30 ഡിവിഷനുകളും ചെല്ലാനം , കുമ്പളങ്ങി ഗ്രാമപഞ്ചായത്തുകളും പശ്ചിമ കൊച്ചിയുടെ ഭാഗമാണ്.നിലവിൽ പശ്ചിമ കൊച്ചിയിൽ നഗരസഭ സീറ്റ് സംവരണത്തിൽ 60 ശതമാനവും സ്ത്രീ സംവരണമായി .40 ശതമാനം മാത്രമാണ് ജനറൽ സീറ്റായുള്ളത്.
പശ്ചിമ കൊച്ചിയിൽ നിലവിലുള്ള നഗരസഭ കൗൺസിലിലെ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ അഷറഫ് മത്സരിച്ച രണ്ടാം ഡിവിഷന് വനിതാ സംവരണമായി. നേരത്തേ മത്സരിച്ചിരുന്ന അഞ്ചാം ഡിവിഷന് ഇല്ലാതായി. ഇതോടെ പള്ളുരുത്തിയിലെ തഴുപ്പ് ഡിവിഷനില്‍ മത്സരിക്കുമെന്നാണ് സൂചന.
മറ്റൊരു സ്ഥിരം സമിതി അധ്യക്ഷനായ വി.എ ശ്രീജിത്തിന്റെ ഡിവിഷനും വനിതാ സംവരണമായി. ശ്രീജിത്ത് സമീപത്തെ മറ്റൊരു ജനറല്‍ സീറ്റില്‍ ജനവിധി തേടിയേക്കും. ടൗണ്‍ പ്ളാനിംഗ് കമ്മിറ്റി ചെയര്മാന് ജെ. സനിൽമോന്റെ ഡിവിഷനും സംവരണമായി മാറി. സനില്‍ മോന് ചുള്ളിക്കല്‍, അമരാവതി എന്നീ ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ ജനവിധി തേടിയേക്കും.
പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ ഡിവിഷനും സംവരണമായി.ആന്റണി കുരീത്തറയും സമീപത്തെ മറ്റേതെങ്കിലും ജനറല്‍ വാര്‍ഡില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. കൗണ്‍സിലര്‍ ബെനഡിക്ട് ഫെർണാണ്ടസ് മൂന്ന് തവണ മത്സരിച്ച് ജയിച്ചയാളാണ്.