വോട്ടർപട്ടികയിൽ നിന്ന് കന്യാസ്ത്രീകളെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി പരാതി
1601695
Wednesday, October 22, 2025 4:27 AM IST
കൂത്താട്ടുകുളം : നഗരസഭയിലെ വോട്ടർ പട്ടികയിൽ നിന്ന് കന്യാസ്ത്രീ സമൂഹത്തെ ഉൾപ്പെടെ മനപൂർവം ഒഴിവാക്കാൻ ശ്രമിക്കുന്നതായി പരാതി. നഗരസഭയിലെ ഏഴാം ഡിവിഷനിൽ ദേവമാതാ കോൺവെന്റിലെ പതിമൂന്ന് കന്യാസ്ത്രീകളെയും സമീപത്തു തന്നെയുള്ള കരുണാഭവനിലെ അന്തേവാസിയെയുമാണ് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടികയിൽ പെടുന്ന കന്യാസ്ത്രീകൾ അടക്കമുള്ള 14 പേർ ഇവിടുത്തെ സ്ഥിരതാമസക്കാരല്ല എന്ന് കാണിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 14 പേരെയും നഗരസഭയിൽ വിളിച്ചുവരുത്തി ബയോമെട്രിക്കൽ സംവിധാനങ്ങൾ ഉപയോഗിച്ച് രേഖകൾ പരിശോധിക്കുകയും പരാതി തള്ളുകയും ചെയ്തു. നിലവിൽ വീണ്ടും ഇതേ 14 പേർക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വം പരാതി നൽകിയിരിക്കുകയാണ്.
പരാതി ലഭിച്ച സാഹചര്യത്തിൽ വീണ്ടും രേഖകൾ പരിശോധിക്കുന്നതിന് ഇവർ നഗരസഭയിൽ ഹാജരാകണം എന്നാണ് നഗരസഭാധികൃതർ അറിയിച്ചിട്ടുള്ളത്. ഹാജരാക്കാത്ത പക്ഷം പുതിയ പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കും.
ഇത്തരത്തിലുള്ള നടപടികൾ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് ദേവമാതാ കോൺവെന്റിലെ മദർ സുപ്പീരിയർ സിസ്റ്റർ ആൻസി എസ്എബിഎസ്, വാർഡ് കൗൺസിലർ റോയി ഇരട്ടയാനിക്കൽ എന്നിവർ പറഞ്ഞു. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.